ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിന് എതിരെ പോരാടുന്ന സാധാരണ ജനങ്ങൾക്ക് പിന്തുണയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെ ഈ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും, എന്നാൽ അതിന്റെ അന്തിമ വിജയം ഇറാനിലെ ജനങ്ങളെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള യുദ്ധം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നെതന്യാഹുവിന്റെ ഈ പ്രസ്താവന.
ഇറാന്റെ ഇസ്‌ലാമിക ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിനും മാറ്റം കൊണ്ടുവരുന്നതിനുമായി ‘ധാരാളം സർപ്രൈസുകൾ’ അടങ്ങിയ കൃത്യമായ പദ്ധതി ഇസ്രായേലിന്റെ പക്കലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചന നൽകിക്കൊണ്ട് നടത്തിയ ടെലിവിഷൻ പ്രസംഗത്തിലായിരുന്നു ഈ പ്രസ്താവന.
“സത്യത്തിന്റെ നിമിഷം അടുത്തുവരികയാണ്. ഇസ്രായേൽ ഇറാനെ വിഭജിക്കാൻ ശ്രമിക്കുന്നില്ല, ഞങ്ങൾ ഇറാനെ സ്വതന്ത്രമാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ആത്യന്തികമായി, ഇറാനെ സ്വതന്ത്രമാക്കുന്നത് നിങ്ങളെ ആശ്രയിച്ചിരിക്കും” എന്ന് അദ്ദേഹം ഇറാനികളോട് പറഞ്ഞു. അത് ഇസ്രായേലിനും ഇറാനും ഇടയിൽ സമാധാനവും വിശാലമായ സമാധാന വലയവും കൊണ്ടുവരുമെന്ന് അദ്ദേഹം പ്രവചിച്ചു.
നിലവിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും, ഇറാനിലെ സാധാരണ ജനങ്ങളുടെ ശത്രു ഇസ്രായേലല്ല, മറിച്ച് അവിടുത്തെ ഭരണാധികാരികളാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ്‌സ് (IRGC) അംഗങ്ങൾ ഇസ്രായേലിന്റെ നിരീക്ഷണത്തിലാണെന്നും, ആയുധം താഴെ വെക്കാത്തവർ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം ടെലിവിഷൻ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.

