പാർച്ചിനിലെ ഇറാന്റെ സൈനിക സമുച്ചയത്തിനുനേരെ ഒക്ടോബർ അവസാനത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണം ആണവബോംബ് വികസിപ്പിക്കാനുള്ള ഇറാന്റെ കഴിവിനെ ഗണ്യമായി തടസ്സപ്പെടുത്തിയെന്നു വെളിപ്പെടുത്തി രണ്ട് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ. ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട അത്യാധുനിക ഉപകരണങ്ങൾ, ഒരു ആണവ ഉപകരണത്തിൽ യുറേനിയം പൊതിഞ്ഞ പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കൾ രൂപപ്പെടുത്തുന്നതിനും പരീക്ഷിക്കുന്നതിനും അത്യാവശ്യമായവ ആയിരുന്നു.
2003 ൽ സൈനിക ആണവപദ്ധതി മരവിപ്പിക്കുന്നതിനുമുമ്പ് ഇറാൻ ഈ ഉപകരണം ഉപയോഗിച്ചിരുന്നു. ആണവബോംബ് നിർമിക്കുന്നതിന് വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു വർഷമായി ഇറാൻ ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം പുനരാരംഭിച്ചതായി അമേരിക്കൻ – ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, നശിപ്പിക്കപ്പെട്ട ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വരുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
വ്യോമാക്രമണത്തിൽ തകർക്കപ്പെട്ട ഉപകരണങ്ങൾ കുറഞ്ഞത് 2003 മുതൽ ഈ സ്ഥലത്ത് സൂക്ഷിച്ചിരുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നു. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി പ്രവർത്തിക്കാൻ കഴിയുന്ന ശാസ്ത്രീയപ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം ഇറാൻ പുനരാരംഭിച്ചതായി അമേരിക്കൻ – ഇസ്രായേൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. “ഇവ സിവിലിയൻ ഗവേഷണമായും കണക്കാക്കാം. ആണവായുധ നിർമാണത്തിന് അടിത്തറ പാകുന്ന ശാസ്ത്രീയപ്രവർത്തനങ്ങൾ അവർ നടത്തി. അത് വളരെ രഹസ്യാത്മകമായിരുന്നു” – ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി ജെറുസലേം പോസ്റ്റ് വെളിപ്പെടുത്തുന്നു.