ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ടു ഇസ്രായേൽ ലബനോനിൽ നടത്തിയ ബോംബാക്രമണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗാസയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും തീവ്രമായ വ്യോമാക്രമണമാണെന്ന് സംഘർഷ നിരീക്ഷണ ഗ്രൂപ്പായ എയർവാർസ്. മൂന്നാഴ്ചയ്ക്കുള്ളിൽ നടന്ന വ്യോമാക്രമണത്തിൽ ലബനനിലെ 1,400 ലധികം ആളുകൾ കൊല്ലപ്പെടുകയും 7,500 പേർക്ക് പരിക്കേൽക്കുകയും ഒരു ദശലക്ഷത്തിലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇസ്രായേലിന്റെ സ്വന്തം സഖ്യകക്ഷികൾ പോലും നടപ്പാക്കാത്ത തലത്തിലും തീവ്രതയിലുമാണ് ഇസ്രായേലിന്റെ ആക്രമണങ്ങൾ നടക്കുന്നതെന്ന് യുകെ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ ഡയറക്ടർ എമിലി ട്രിപ്പ് സിഎൻഎന്നിനോട് പറഞ്ഞു. 2017 ൽ ഐ ആസ് തീവ്രവാദികൾക്കെതിരായ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക നടപടിയിൽ, അവിടെ തീവ്രവാദ ഗ്രൂപ്പിന്റെ യഥാർത്ഥ തലസ്ഥാനമായ റാഖയ്ക്കായുള്ള പോരാട്ടത്തിന്റെ ഉച്ചസ്ഥായിയിൽ പോലും ഒരു ദിവസം 500 ആയുധങ്ങൾ മാത്രമാണ് വർഷിച്ചത്. എന്നാൽ സെപ്റ്റംബർ 24നും സെപ്റ്റംബർ 25നും ഇടയിൽ ഇസ്രായേൽ സൈന്യം 2,000 ആയുധങ്ങൾ ഉപയോഗിച്ചതായും 3,000 ആക്രമണങ്ങൾ നടത്തിയതായും എയർവാർസ് വെളിപ്പെടുത്തുന്നു.
അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ 20 വർഷത്തെ യുദ്ധത്തിൽ അധിനിവേശത്തിന്റെ ആദ്യ വർഷം ഒഴികെ പ്രതിവർഷം 3,000-ൽ താഴെ ആക്രമണങ്ങൾ മാത്രമാണ് അമേരിക്ക നടത്തിയത്.
ഇസ്രായേലിനു ഇത്തരം ആക്രമണങ്ങൾ സാധാരണമായി മാറിയിരിക്കുകയാണ്. ഇസ്രായേലിന്റെ വ്യോമാക്രമണം അങ്ങേയറ്റം അസാധാരണമാണെങ്കിലും, കഴിഞ്ഞ വർഷം ഗാസയ്ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ അവിടുത്തെ ഏകദേശം 60% കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ” എന്നാൽ ഇത് സാധാരണമല്ല”, ലെബനനിലെ ഇസ്രായേലിന്റെ ആക്രമണങ്ങളുടെ വ്യാപ്തിയെക്കുറിച്ചും വലിപ്പത്തെക്കുറിച്ചും ട്രിപ്പ് പറഞ്ഞു.
ഓരോ ആക്രമണങ്ങൾക്കു മുൻപും ഇസ്രായേൽ അവിടുത്തെ സാധാരകർക്കു മുന്നറിയിപ്പ് നൽകാനായി ഫോൺ കോളുകൾ വിളിക്കുക, ആക്രമണത്തിന് നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിലെ താമസക്കാർക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഈ മുന്നറിയിപ്പുകൾ സിവിലിയൻ ഉപദ്രവങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കുന്നില്ല എന്ന് ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നു.