ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മാസങ്ങള്‍ക്കുള്ളില്‍ വിജയം സാധ്യമാകുമെന്നും ഗാസ ഭാവിയില്‍ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം നിര്‍ത്താനുള്ള ഹമാസിന്റെ പദ്ധതികള്‍ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ് നിര്‍ദേശം ചര്‍ച്ച ചെയ്യും.
ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രയേല്‍ നേതാക്കളെ അനുനയിപ്പിക്കാനുള്ള യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്റെ നീക്കം വിജയം കണ്ടില്ല. ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ ചിലതിനോട് യോജിപ്പില്ലെങ്കിലും ബന്ദിമോചനം ഉറപ്പാക്കാന്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ഇസ്രയേല്‍ നേതാക്കളുമായുള്ള ചര്‍ച്ചക്കൊടുവില്‍ ആന്റണി ബ്ലിന്‍കന്‍ പ്രതികരിച്ചു. ഗാസ കുരുതിയില്‍ ആശങ്ക അറിയിച്ച ബ്ലിങ്കന്‍, ആവശ്യത്തിന് സഹായം ഉറപ്പാക്കാന്‍ വൈകരുതെന്നും നെതന്യാഹുവിനോട് അഭ്യര്‍ഥിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഹമാസ് വ്യവസ്ഥകള്‍ സംബന്ധിച്ച് ഭിന്നാഭിപ്രായം രൂപപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേരുന്നുണ്ടെങ്കിലും ഹമാസ് വ്യവസ്ഥകള്‍ക്കനുസൃതമായുള്ള വെടിനിര്‍ത്തല്‍ തള്ളാനാണ് സാധ്യത.