മനുഷ്യനെ ബഹിരാകാശത്തയയ്ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനൊരുങ്ങി ഇസ്രോ. സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ഈ മാസം അവസാനം നടക്കും. ഇതിന്‍റെ ഭാഗമായി ഐ.എസ്.ആര്‍.ഒ പുതിയ ക്രൂ മൊഡ്യൂളിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു.
വിക്ഷേപണത്തിന്റെ ആദ്യ നിമിഷങ്ങളിൽ അപ്രതീക്ഷിത അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത് മുന്നിൽക്കണ്ടുള്ള ക്ഷമതാപരിശോധനയാണ് ഇസ്രോ നടത്തുന്നത്. ഹൈ ഡൈനാമിക് പ്രഷകര്‍, ട്രാന്‍സോണിക് സാഹചര്യങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നതെന്ന് വിക്രം സാരാഭയ് സ്‌പേസ് സെന്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. ഗഗന്‍യാന്‍ പദ്ധതിയില്‍ നാല് അബോര്‍ട്ട് മിഷനുകളില്‍ ആദ്യത്തേതാണ് ഇത്. ആളില്ലാ പേടകങ്ങളുടെ മികവ് ഈ സമയം പരിശോധിക്കും.
ഈ മിഷനില്‍ രണ്ടോ മൂന്നോ അംഗങ്ങളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഐ.എസ്.ആര്‍.ഒ പറയുന്നു. ടെസ്റ്റ് വെഹിക്കിളായ ടിവി-ഡി1 സിംഗിള്‍ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ബോര്‍ട്ട് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽനിന്ന് ഒക്ടോബര്‍ 26ന് പരീക്ഷണം നടത്താനാണ് ഇപ്പോൾ നിശ്‌ചിയിച്ചിരിക്കുന്നത്.
അതേസമയം, സഞ്ചാരികളുമായി കുതിക്കുന്ന പേടകം (ക്രൂമോഡ്യൂൾ) ശബ്ദാതീത വേഗതയിലേക്ക് കടക്കുമ്പോൾ അപകടസാധ്യത ഏറെയാണ്. ഈ ഘട്ടത്തിൽ സാങ്കേതികത്തകരാർ ഉണ്ടായാൽ റോക്കറ്റിൽനിന്ന് വേർപെടുത്തി പേടകത്തെ ഭൂമിയിൽ ഇറക്കണം. ഒരുകൂട്ടം മോട്ടോർ പ്രവർത്തിപ്പിച്ചാണ് പേടകത്തെ ദൂരേക്ക് തൊടുത്തുവിടുക. റോക്കറ്റ് ഭൗമാന്തരീക്ഷത്തിൽ 17 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴാണ് ‘രക്ഷാദൗത്യം’ തുടങ്ങുക. വേർപെടുന്ന പേടകത്തെ പാരച്യൂട്ടുകളുടെ സഹായത്തോടെ ബംഗാൾ ഉൾക്കടലിൽ സുരക്ഷിതമായി ഇറക്കുമെന്നും ഇസ്രോ പറയുന്നു. തുടര്‍ന്ന് നാവികസേനയുടെ സഹായത്തോടെ പേടകം വീണ്ടെടുത്ത് പഠനവിധേയമാക്കും. ഇത്തരത്തിൽ വീണ്ടും പരീക്ഷണങ്ങൾ നടത്തും.