ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങള്‍ക്ക് സഹായകമാകുന്ന നൂതന ആശയങ്ങളും രൂപകല്പനകളും പങ്കിടാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇസ്രോ അവസരമൊരുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് യു.ആർ റാവു സാറ്റലൈറ്റ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു. റോബോട്ടിക് റോവറുകൾ വികസിപ്പിക്കുന്ന മേഖലയിൽ വ്യത്യസ്തമായ ആശയങ്ങൾ പങ്കുവയ്ക്കാന്‍ കഴിയുന്ന ഉദ്യോഗാര്‍ഥികളെയാണ് ഇസ്രോ തേടുന്നത്.
ഭൗമോപരിതലത്തിൽ പ്രവർത്തിക്കാന്‍ കഴിയുന്നതും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുമായ സ്പേസ് റോബോട്ടിനെയാണ് ഉദ്യോഗാര്‍ഥികള്‍ വികസിപ്പിക്കേണ്ടത്. കൂടാതെ, റോബോട്ടുകൾ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ അധിഷ്ഠിതമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും യു.ആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ മാനദണ്ഡങ്ങളില്‍ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങൾ ദൗത്യങ്ങളിൽ ഉൾപ്പെടുത്തുകയും, അവരെയും രാജ്യത്തിന്റെ നേട്ടങ്ങളിൽ പങ്കാളികളാക്കുകയുമാണ് പുതിയ പദ്ധതിയിലൂടെ ഇസ്രോ ലക്ഷ്യമിടുന്നത്.
സ്പേസ് റോബോട്ടിനെ നിർമ്മിക്കാം എന്ന ടാഗ് ലൈനിൽ ‘ISRO Robotics Challenge-URSC 2024 (IRoC U 2024)” എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കേണ്ടത്. തുടര്‍ന്ന് ഇതില്‍നിന്നും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാനാണ് ഇസ്രോയുടെ തീരുമാനം. 2024 ആഗസ്റ്റിൽ URSC -യുടെ ബെംഗളൂരു ക്യാമ്പസിൽ സ്പേസ് റോബോട്ടിനെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മത്സരവും നടക്കുന്നതാണ്.