Monday, November 25, 2024

സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമായി ഐഎസ്ആര്‍ഒ

ഇസ്രോയുടെ ഭാഗമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് (ഐഐആര്‍എസ്) വിവിധ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ഒരുക്കുന്നു. ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) സാങ്കേതികവിദ്യകളില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് അവതരിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക-ശാസ്ത്ര പ്രൊഫഷണലുകള്‍ക്കും യൂണിവേഴ്സിറ്റി ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും അനുബന്ധ മേഖലകളിലുള്ളവര്‍ക്കും സര്‍ട്ടിഫിക്കേഷന്‍ കോഴ്സിന് ചേരാവുന്നതാണ്. ബിരുദ, ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ സാങ്കേതിക, ശാസ്ത്ര മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, സര്‍വകലാശാലകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകര്‍, ഗവേഷകര്‍ തുടങ്ങി ശാസ്ത്രത്തില്‍ താത്പര്യവും ജിജ്ഞാസയുമുള്ളവര്‍ക്ക് കോഴ്സിനായി അപേക്ഷിക്കാവുന്നതാണ്.
നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. അടുത്ത മാസം ആറ് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.

കൃഷി, വനം, പരിസ്ഥിതി ശാസ്ത്രം, ഭൗമശാസ്ത്രം, സമുദ്രം, അന്തരീക്ഷ ശാസ്ത്രം, നഗര-പ്രാദേശിക പഠനങ്ങള്‍, ജലവിഭവങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ റിമോട്ട് സെന്‍സിംഗിന്റെയും ജിഐഎസിന്റെയും ഉപയോഗങ്ങള്‍ കോഴ്‌സിലൂടെ പഠിക്കാനും അറിയാനും കഴിയും. പ്രഭാഷണങ്ങള്‍, റെക്കോര്‍ഡ് ചെയ്ത വീഡിയോ സെഷനുകള്‍, ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്വെയര്‍, ഡെമോണ്‍സ്‌ട്രേഷന്‍ മെറ്റീരിയലുകള്‍ എന്നിവ വഴിയാകും ക്ലാസുകള്‍ നടത്തുക. ഇ-ക്ലാസ്, ഐഎസ്ആര്‍ഒ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയിലൂടെ ഓണ്‍ലൈനായും ക്ലാസുകള്‍ ലഭിക്കും.

 

 

 

 

 

 

Latest News