കാലാവധി തീര്‍ന്ന ഉപഗ്രഹത്തെ നിയന്ത്രണ വിധേയമാക്കി തിരിച്ചെത്തിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി 2011 ഒക്ടോബര്‍ 12ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസിനോടൊപ്പം ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്കയച്ച എംടി-1 എന്ന മെഗാ-ട്രോപിക്‌സ്-1 ലോ ഓര്‍ബിറ്റ് ഉപഗ്രഹത്തിനെയാണ് തിരിച്ചെത്തിക്കുന്നത്. മാര്‍ച്ച് 7നാണ് വെല്ലുവിളികള്‍ നിറഞ്ഞ പരീക്ഷണത്തിനായി ഇന്ത്യന്‍ ബഹികാശ ഏജന്‍സി തയ്യാറെടുത്തിരിക്കുന്നത്.
ഉപഗ്രഹത്തിന്റെ ദൗത്യം യഥാര്‍ത്ഥത്തില്‍ മൂന്ന് വര്‍ഷം മാത്രമായിരുന്നെങ്കിലും, ഒരു ദശകത്തോളം ആഗോള കാലാവസ്ഥ മോഡലുകള്‍ക്കായുള്ള സുപ്രധാന ഡാറ്റ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
ഇന്റര്‍-ഏജന്‍സി സ്പേസ് ഡബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ബഹിരാകാശ അവശിഷ്ട ലഘൂകരണ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു ലോ ഓര്‍ബിറ്റ് ഉപഗ്രഹത്തിന്റെ കാലാവധി കഴിയുമ്പോള്‍ അതിനെ ഒരു സുരക്ഷിതമായ മേഖലയില്‍ വച്ച് തിരിച്ച് വിളിക്കും. അല്ലെങ്കില്‍ ഐഎസ്ആര്‍ഒ പറയുന്നതിനനുസരിച്ച്, പരിക്രമണ കാലം 25 വര്‍ഷത്തിന് താഴെയുള്ള അച്ചുതണ്ടിലേയ്ക്ക് ഉപഗ്രഹത്തിനെ കൊണ്ടുവരും.
ഭൂമിയില്‍ നിന്ന് 867 കിലോമീറ്റര്‍ ഉയരത്തിലുള്ള 20 ഡിഗ്രി ചരിഞ്ഞ ഭ്രമണപഥത്തിലാണ് എംടി-1 സഞ്ചരിക്കുന്നത്. ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എംടി-1ന്റെ പരിക്രമണ ആയുസ്സ് 100 വര്‍ഷത്തിലധികം നീണ്ടുനില്‍ക്കാവുന്നതാണ്. ഏകദേശം 125 കിലോഗ്രാം ഓണ്‍ ബോര്‍ഡ് ഇന്ധനം ഉപഗ്രഹത്തില്‍ ഉപയോഗിക്കാതെ ബാക്കി കിടക്കുന്നതിനാല്‍ ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കും. പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത സ്ഥലത്തായിരിക്കും ഉപഗ്രഹം ഇറക്കുന്നത്.