ആദ്യമായി ബഹിരാകാശ ഡോക്കിംഗ് വിജയകരമായി നടത്തി ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ. രണ്ടോ അതിലധികമോ ബഹിരാകാശ വാഹനങ്ങളെ ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിൽ അല്ലെങ്കിൽ ബഹിരാകാശത്ത് ബന്ധിപ്പിക്കുന്ന പ്രക്രിയയെ ആണ് ഡോക്കിംഗ് സൂചിപ്പിക്കുന്നത്.
ഡിസംബർ 30 ന് വിക്ഷേപിച്ച SpaDeX ദൗത്യത്തിൽ ചേസർ, ടാർഗെറ്റ് എന്നീ രണ്ട് ചെറിയ ബഹിരാകാശ പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ചേർന്നു. ഒരു ഇന്ത്യൻ ബഹിരാകാശ നിലയം നിർമിക്കുക, ചന്ദ്രനിൽ ഒരാളെ എത്തിക്കുക എന്നിവ ഉൾപ്പെടെ ഇന്ത്യയുടെ ഭാവിലക്ഷ്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ നിർണ്ണായകമാണ്. ഈ വിജയത്തോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കുശേഷം ബഹിരാകാശ ഡോക്കിംഗ് കഴിവുകൾ കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ബെംഗളൂരുവിലെ ഇസ്രോ ഓഫീസിൽ നടന്ന പരീക്ഷണത്തിന് സാക്ഷ്യം വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ സുപ്രധാന ചുവടുവയ്പ്പായി ഇതിനെ പ്രശംസിച്ചു.