Saturday, April 12, 2025

പിഎസ്എല്‍വി-സി 52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എല്‍വി-സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്.

1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്.-04. ഇസ്രൊയുടെ പഴയ രീതിയനുസരിച്ച് റിസാറ്റ് 1എ ആയിരുന്ന ഉപഗ്രഹമാണ് പേര് മാറി ഇഒഎസ് 04 ആയത്. റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.-04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും. കാര്‍ഷിക ഗവേഷണത്തിനും, വനപ്രദേശങ്ങളെയും തോട്ടം മേഖലകളെയും നിരീക്ഷിക്കുന്നതിനും പ്രളയ സാധ്യത പഠനത്തിനും മണ്ണിനെക്കുറിച്ചുള്ള ഗവേഷണത്തിനുമെല്ലാം ഉപഗ്രഹം നല്‍കുന്ന വിവരങ്ങള്‍ മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് ഇസ്രൊ അറിയിക്കുന്നത്. പത്ത് വര്‍ഷത്തെ ദൗത്യ കാലാവധിയാണ് ഇഒഎസ് 04ന് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഇന്‍സ്‌പെയര്‍സാറ്റ്-ഒന്നും ഐ.എസ്.ആര്‍.ഒ.യുടെ ഐ.എന്‍.എസ് 2 ടി.ഡി.യുമാണ് മറ്റ് ഉപഗ്രഹങ്ങള്‍. സിങ്കപ്പൂര്‍, തായ്വാന്‍ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്‍സ്പെയര്‍ സാറ്റ് -1. 8.1 കിലോയാണ് ഭാരം. ആയുസ്സ് ഒരുവര്‍ഷമാണ്. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. ഇന്‍സ്പയര്‍ സാറ്റ് 1 എന്ന കുഞ്ഞന്‍ ഉപഗ്രഹം നിര്‍മ്മിച്ചത് വിദ്യാര്‍ത്ഥികളുടെ സംഘമാണ്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌സ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളും കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഫോര്‍ അറ്റമോസ്ഫറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സും ചേര്‍ന്ന് ഇന്‍സ്പയര്‍ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഇത്. 17.5 കിലോഗ്രാമാണ് ഐ.എന്‍.എസ്. 2 ടി.ഡി.യുടെ ഭാരം. ആറു മാസമാണ് ആയുസ്സ്. പേലോഡില്‍ ഘടിപ്പിച്ച തെര്‍മല്‍ ഇമേജിങ് ക്യാമറയാണ് പ്രത്യേകത. ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം.

എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്. പ്രതിസന്ധി കാലത്തിന് ശേഷമുള്ള ആദ്യ ദൗത്യം വിജയകരമായത് ഭാവി ദൗത്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. അടുത്ത ദൗത്യവുമായി ഉടന്‍ കാണാമെന്നായിരുന്നു വിജയത്തിന് ശേഷമുള്ള ഇസ്രൊ ചെയര്‍മാന്റെ പ്രതികരണം. 2021 ഓഗസ്റ്റില്‍ ജി.എസ്.എല്‍.വി. എഫ്-10 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണിത്.

 

 

 

 

Latest News