Sunday, November 24, 2024

ഐഎസ്ആര്‍ഒയുടെ കൗണ്ട്ഡൗണ്‍ ശബ്ദം എന്‍ വളര്‍മതി അന്തരിച്ചു

ചന്ദ്രയാന്‍- 3 ഉള്‍പ്പടെയുള്ള ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ കൗണ്ട്ഡൗണ്‍ ശബ്ദം നല്‍കിയിരുന്ന എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ റേഞ്ച് ഓപ്പറേഷന്‍ വിഭാഗം മാനേജറായിരുന്നു വളര്‍മതി.

1984 ൽ ഐഎസ്ആർഒയുടെ ഭാഗമായ വളർമതി തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയാണ്, ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇൻസാറ്റ് 2എ, ഐ ആർ എസ് 1സി, ഐ ആർ എസ് 1ഡി, ടെസ് എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ചു. 2011ൽ ജിസാറ്റ്-12 ദൗത്യം നയിച്ച ടി.കെ അനുരാധക്ക് ശേഷം ഐഎസ്ആർഒയുടെ ഒരു ദൗത്യം നയിച്ച രണ്ടാമത്തെ വനിതയും ഇരായിരുന്നു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-1ന്റെ പ്രൊജക്ട് ഡയറക്ടറായും വളർമതി പ്രവര്‍ത്തിച്ചു .

ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യം ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നല്കി ആദരിച്ചത്. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം കേട്ടത്.

Latest News