ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി. മോദിക്കും വംശഹത്യയില്‍ പങ്കുണ്ടെന്നാണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. 2002 ല്‍ അരങ്ങേറിയ ഗുജറാത്ത് വംശഹത്യയില്‍ ബ്രിട്ടീഷ് രഹസ്യരേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി പ്രധാനമന്ത്രിയുടെ പങ്ക് ചൂണ്ടിക്കാട്ടുന്നത്.
ബിബിസി ആരംഭിച്ച ഡോക്യുമെന്ററി പരമ്പരയുടെ ആദ്യ ഭാഗമാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ പുറത്തിറക്കിയത്. പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്ന ഡോക്യുമെന്ററി പ്രത്യേക കെളൊണിയല്‍ അജണ്ടയുടെ ഭാഗമാണെന്നും അത് വളരെയധികം മുന്‍വിധിയോടെയുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാത്ത ഈ ഡോക്യുമെന്ററി അപകീര്‍ത്തിപ്പെടുത്തലുമായി ലക്ഷ്യമിട്ടുള്ളതാണിത്. മുന്‍വിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയല്‍ മാനസികാവസ്ഥയും ഡോക്യുമെന്ററിയിലൂടെ വ്യക്തമാക്കുന്നുണ്ട് എന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ഒരു ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടെയും ഏജന്‍സികളുടെയും താല്‍പര്യങ്ങളുമാണ് ഡോക്യുമെന്ററിയില്‍ പ്രതിഫലിക്കുന്നത്.
ഡോക്യുമെന്ററിയുടെ ലക്ഷ്യത്തെക്കുറിച്ചും അതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ചൊവ്വാഴ്ച്ചയാണ് ഈ ഡോക്യുമെന്ററി ബിബിസി റിലീസ് ചെയ്തത്. എന്നാല്‍ ഡോക്യുമെന്ററി യുട്യൂബ് ബുധനാഴ്ച്ച നീക്കം ചെയ്തിട്ടുണ്ട്.