Sunday, November 24, 2024

ഡീപ്ഫേക്കുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്; ഉടന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരും

ഡീപ്ഫേക്കുകള്‍ ജനാധിപത്യത്തിന് പുതിയ ഭീഷണിയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ്‌ഫേക്കുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരും. ഡീപ്‌ഫേക്കുകള്‍ തിരിച്ചറിയല്‍, റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കല്‍, ഉപയോക്തൃ അവബോധം വളര്‍ത്തല്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഇത് സംബന്ധിച്ച് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് അവബോധം നല്‍കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഉടന്‍ തന്നെ നിയന്ത്രണത്തിന്റെ കരട് തയ്യാറാക്കും. നിലവിലുള്ള ചട്ടക്കൂട് ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങള്‍ കൊണ്ടുവരുകയോ ചെയ്യുന്നത് പരിഗണനയിലുണ്ട്. ഡിസംബര്‍ ആദ്യവാരം തന്നെ ഇതിന്റെ അടുത്ത ഘട്ടം നടപ്പിലാക്കും. തീരുമാനങ്ങളുടെ തുടര്‍നടപടികളെക്കുറിച്ചും ഡ്രാഫ്റ്റ് റെഗുലേഷനില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ചും ഇതില്‍ ചര്‍ച്ച ചെയ്യും.

അടുത്തിടെയാണ് സെലിബ്രിറ്റികളുടെ ഡീപ്പ് ഫേക്കുകള്‍ വ്യാപകമായ പ്രചരിച്ചുതുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നടി രശ്മിക മന്ദാനയുടെയും സാറ ടെന്‍ഡുല്‍ക്കറുടെയും ഡീപ്പ് ഫേക്കുകള്‍ വൈറലായിരുന്നു. രശ്മിക മന്ദാന ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

 

Latest News