മാലിദ്വീപില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായതായി പ്രഖ്യാപനം. നിയുക്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായില്‍ നടന്ന COP29 കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.
ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്ന വിഷയം COP29 ഉച്ചകോടിക്കിടെ ഹ്രസ്വമായി ചര്‍ച്ച ചെയ്തതായി നേരത്തെ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുയിസു വിഷയത്തില്‍ വ്യക്തത വരുത്തിയത്. ‘ഞങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിച്ചു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു,’ മുയിസു മാലെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി മാലദ്വീപ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടും, ഇരുവിഭാഗവും ഇപ്പോള്‍ വിഷയത്തില്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളുടെ പ്രയോജനം മാലിദ്വീപ് വിഭാഗം അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മഹാസമുദ്ര ദ്വീപസമൂഹത്തിലെ വിദേശ സൈനിക സാന്നിധ്യം ഇല്ലാതാക്കുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വമെന്ന് മുയിസു അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു.