വേനല്‍ക്കാലത്ത് ഉക്രേനിയന്‍ കുട്ടികളെയും യുവാക്കളെയും സ്വാഗതം ചെയ്ത് ഇറ്റലിയില്‍നിന്നുള്ള നിരവധി കുടുംബങ്ങള്‍. കാരിത്താസ് ഇറ്റലിയും ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ (CEI) ഫാമിലി പാസ്റ്ററല്‍ കെയറിനായുള്ള നാഷണല്‍ ഓഫീസും പ്രോത്സാഹിപ്പിക്കുന്ന ‘ടുഗെദര്‍ ഈസ് മോര്‍ ബ്യൂട്ടിഫുള്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.
കാരിത്താസ് സ്പെസ്, കാരിത്താസ് ഉക്രൈന്‍, ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ സെക്രട്ടേറിയറ്റ്, ഉക്രൈനിലെ ന്യൂണ്‍ഷിയേച്ചര്‍, ഇറ്റലിയിലെ ഉക്രേനിയന്‍ എംബസികള്‍, വത്തിക്കാന്‍ എന്നിവയും ഉള്‍പ്പെട്ട ഈ പദ്ധതി ഇപ്പോള്‍ മൂന്നാം വര്‍ഷവും തുടരുകയാണ്. നിരവധി രൂപതകളുമായി സഹകരിച്ച്, ഉക്രൈനില്‍ നിന്നുള്ള 730 കുട്ടികള്‍ക്ക് ഇറ്റലിയിലെ കുടുംബങ്ങള്‍ അവരുടെ ഭവനം തുറന്നുനല്‍കി. ഇത് അവരുടെ രാജ്യത്തെ നശിപ്പിക്കുന്ന യുദ്ധത്തില്‍നിന്ന് ആ കുട്ടികള്‍ക്ക് കുറച്ചു മാസത്തേക്ക് രക്ഷപെടാനുള്ള അവസരവും കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.
2022-ല്‍ 218 ഉക്രേനിയന്‍ കുട്ടികളും 2023-ല്‍ 542 കുട്ടികളും ഈ സംരംഭത്തിന്റെ ഭാഗമായി. യുദ്ധം, അക്രമം, ബോംബുകള്‍ വര്‍ഷിക്കുന്ന രാത്രികള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ഈ അവസരം വലിയ ആശ്വാസമാണെന്നും കര്‍ദിനാള്‍ മത്തിയോ സൂപ്പി വെളിപ്പെടുത്തി.