വത്തിക്കാൻ ഗവർണറേറ്റിന്റെ മേധാവിയായി ഇറ്റാലിയൻ സന്യാസിനി സി. റഫേല്ല പെട്രിനി മാർച്ച് മാസം ചുമതലയേൽക്കും. കർദിനാൾ ഫെർണാണ്ടോ വേർഗെസ് അൽസാഗ വിരമിക്കുന്നതിനെ തുടർന്നാണ് ഫ്രാൻസിസ് പാപ്പ പുതിയ നിയമനം പ്രഖ്യാപിച്ചത്. ഇറ്റാലിയൻ ടെലിവിഷൻ പ്രോഗ്രാമായ ‘ചെ ടെമ്പോ ചെ ഫാ’ (കാലാവസ്ഥ എങ്ങനെയുണ്ട്?) എന്ന പരിപാടിയിൽ ഒരു അഭിമുഖത്തിനിടെയാണ് പരിശുദ്ധ പിതാവ് ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
വത്തിക്കാനിൽ സഭയുടെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം സമർപ്പിതർക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി സി. സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് പാപ്പ നിയമിച്ചിരുന്നു. “ഇപ്പോൾ ധാരാളം സ്ത്രീകൾ പ്രധാനപ്പെട്ട ചുമതല വഹിക്കുന്നുണ്ട്. ഉദാഹരണത്തിന്, ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്ന കമ്മീഷനിൽ മൂന്ന് സ്ത്രീകൾ ഭാഗമാണ്. മാർച്ചിൽ വത്തിക്കാൻ ഗവർണറേറ്റിന്റെ മേധാവിയായി സ്ഥാനമേൽക്കുന്നതും ഒരു സന്യാസിനിയാണ്. സ്ത്രീകൾക്ക് നമ്മളെക്കാൾ നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യാനറിയാം” – പാപ്പ അഭിമുഖത്തിൽ വെളിപ്പെടുത്തി.
1969 ജനുവരി 15 ന് റോമിലാണ് സി. പെട്രിനി ജനിച്ചത്. ഗൈഡോ കാർലി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡീസിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടി. ഇപ്പോൾ ഈ യൂണിവേഴ്സിറ്റിയിൽ തന്നെ പ്രൊഫസറായി ജോലിചെയ്യുന്നു. ജനങ്ങളുടെ സുവിശേഷവൽക്കരണത്തിനായുള്ള മുൻ കോൺഗ്രിഗേഷൻ ഓഫ് പീപ്പിൾസിൽ ഉദ്യോഗസ്ഥയായി വത്തിക്കാൻ കൂരിയയിൽ സേവനം ചെയ്യുന്നു.