Tuesday, November 26, 2024

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവച്ചു

സഖ്യകക്ഷി സര്‍ക്കാരിലെ പാര്‍ട്ടികള്‍ അവിശ്വാസ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവച്ചു. ഇന്നലെ രാവിലെ ക്വിരിനാല്‍ കൊട്ടാരത്തില്‍ പ്രസിഡന്റ് സെര്‍ജിയോ മത്തരല്ലയെ സന്ദര്‍ശിച്ച ഡ്രാഗി രാജിക്കത്ത് കൈമാറി.

കഴിഞ്ഞയാഴ്ച സമാനമായ സംഭവങ്ങളെത്തുടര്‍ന്നു രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും പ്രസിഡന്റ് സ്വീകരിച്ചില്ല. ഇത്തവണ രാജി സ്വീകരിച്ച പ്രസിഡന്റ്, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ കാവല്‍മന്ത്രിയായി തുടരാന്‍ ഡ്രാഗിയോടു നിര്‍ദേശിച്ചു.

സഖ്യകക്ഷി സര്‍ക്കാരിലെ 5-സ്റ്റാര്‍ മൂവ്‌മെന്റ്, ഫോര്‍സ ഇറ്റാലിയ, റൈറ്റ് ലീഗ് പാര്‍ട്ടികള്‍ ബുധനാഴ്ച സെനറ്റില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതാണു രാജിക്കു കാരണം. ഇറ്റലിയിലെ ജീവതച്ചെലവ് കുറയ്ക്കുന്നതു സംബന്ധിച്ച നടപടികളില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍നിന്നു കഴിഞ്ഞയാഴ്ച 5-സ്റ്റാര്‍ മൂവ്‌മെന്റ് വിട്ടുനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഡ്രാഗി അന്നു രാജിക്കത്ത് കൈമാറിയത്. എന്നാല്‍, രാജി തള്ളിയ പ്രസിഡന്റ് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായിരുന്ന ഡ്രാഗി നയിച്ച സഖ്യ സര്‍ക്കാരിന് 17 മാസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഈ കാലയളവില്‍ ഒരുമിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദിയെന്ന് ഡ്രാഗി സഹപ്രവര്‍ത്തകരോടു പറഞ്ഞശേഷമാണ് രാജി സമര്‍പ്പിച്ചത്.

 

Latest News