ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും ക്രമാതീതമായി ഇറ്റലിയിലേയ്ക്ക് കുടിയേറ്റക്കാര്‍ വന്നിറങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,200ല്‍ അധികം അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. 674 പേരെ രക്ഷപ്പെടുത്തിയതായും കാലാബ്രിയ തീരത്ത് മത്സ്യബന്ധന ബോട്ടില്‍ നിന്ന് 5 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു.
15 ബോട്ടുകളില്‍ നിന്ന് രക്ഷപ്പെടുത്തിയ 522 പേരെ ഉദ്യോഗസ്ഥര്‍ ലാംപെഡൂസയില്‍ എത്തിച്ചു. ലിബിയയില്‍ നിന്നും ടുണീഷ്യയില്‍ നിന്നുമാണ് ബോട്ടുകള്‍ പുറപ്പെട്ടത്. യൂറോപ്പില്‍ ആളുകള്‍ എത്തിച്ചേരുന്ന പ്രധാന തുറമുഖങ്ങളിലൊന്നാണ് ലാംപെഡൂസ. രക്ഷപ്പെടുത്തിയവരില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സുഡാന്‍, എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും ഉള്‍പ്പെടുന്നതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.
ഇറ്റലിയിലെ കോസ്റ്റ് ഗാര്‍ഡും ഫിനാന്‍സ് പോലീസും ചേര്‍ന്ന് അഭയാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ഈ വര്‍ഷം ആദ്യം 34,000 അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ഇറ്റലിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 25,500 ആയിരുന്നുവെന്ന് ഇറ്റലിയുടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കണക്ക് സൂചിപ്പിക്കുന്നു. 1,000-ലധികം ആളുകള്‍ക്ക് തങ്ങാന്‍ കഴിയുന്ന ലാംപെഡൂസ ദ്വീപില്‍ ശനിയാഴ്ച 350 പേരും ഞായറാഴ്ച 400-ലധികം കുടിയേറ്റക്കാരുമാണ് നിലവില്‍ എത്തിയിരിക്കുന്നത്.