മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യയും ഫാഷന്‍ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന്‍ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു.
‘ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ സ്നേഹിക്കുന്നവരെ ഞാന്‍ അറിയിക്കുന്നു’- ട്രൂത്ത് സോഷ്യല്‍ എന്ന സ്വന്തം സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് മരണവാര്‍ത്ത അറിയിച്ചതിങ്ങനെയായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയില്‍ വച്ചായിരുന്നു മരണമെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ മരണകാരണത്തെക്കുറിച്ച് അദ്ദേഹം സൂചന നല്‍കിയിട്ടില്ല.
പ്രചോദനാത്മകമായ ജീവിതമാണ് ഇവാന നയിച്ചതെന്നും അവരുടെ അഭിമാനം മൂന്ന് മക്കളെക്കുറിച്ചായിരുന്നു എന്നും കുറിപ്പില്‍ ട്രംപ് രേഖപ്പെടുത്തി.
മുന്‍പ് ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാല്‍ദോവില്‍ 1949 ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യന്‍ ജൂനിയര്‍ നാഷ്ണല്‍ സ്കേറ്റ് ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്. 1977ലാണ് ട്രംപും ഇവാനയും വിവാഹിതരാകുന്നത്. 1980 കളില്‍ ട്രംപിന് മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാന്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇവാന.
ട്രംപ് ടവര്‍, ട്രംപ് താജ്, ട്രംപ് ഓര്ഗനൈസേഷന് എന്നിങ്ങനെ ട്രംപ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇവാന.
1992 ല്‍ ഇരുവരും ബന്ധം വേര്‍പെടുത്തുകയും ചെയ്തു. മൂന്ന് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ഡോണള്‍ഡ് ജൂനിയര്‍, ഇവാന്‍ക, എറിക്ക്. വിവാഹമോചന ശേഷം സ്വന്തം ബിസിനസ് നടത്തിയാണ് ഇവാന ജീവിതം നയിച്ചിരുന്നത്.