ലോകത്തിലെ ഏറ്റവും നീളമേറിയ നദീജല ആഡംബര ഉല്ലാസ നൗക ഗംഗാ വിലാസ് ബീഹാറില്‍ കുടുങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ).’മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഗംഗാ വിലാസ് പട്നയിലെത്തിയിട്ടുണ്ട്. നൗക ഛപ്രയില്‍ കുടുങ്ങിയെന്ന വാര്‍ത്ത അല്‍പം പോലും സത്യമല്ല.
‘ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുള്ള യാത്ര തുടരുക തന്നെ ചെയ്യും’ ഐഡബ്ല്യുഎഐ അധ്യക്ഷന്‍ സഞ്ജയ് ബന്ദോപാധ്യായ ട്വിറ്ററില്‍ കുറിച്ചു. ദോരിഗംഗ് മേഖലയിലെ ഗംഗാ നദിയില്‍ ആഴം കുറഞ്ഞ ഭാഗത്ത് നൗക കുടുങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഐഡബ്ല്യുഎഐ ഔദ്യോഗിക വിശദീകരണവുമായി എത്തിയത്.
ഛപ്രയ്ക്ക് സമീപം വെള്ളം കുറവുള്ള ഭാഗത്ത് നൗക കുടുങ്ങി. കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പല്‍ കുടുങ്ങിയതെന്നും സഞ്ചാരികളെ ബോട്ട് മാര്‍ഗം ഒഴിപ്പിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച ഗംഗാവിലാസിന്റെ യാത്ര 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെ 51 ദിവസത്തിനുള്ളില്‍ 3,200 കിലോമീറ്ററാണ് നൗക സഞ്ചരിക്കുക. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടെ 50 സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.