Friday, April 18, 2025

ലോകം ആദരിക്കുന്ന വനിത; ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേനെക്കുറിച്ച് കൂടുതലറിയാം

ജസീന്ദ ആര്‍ഡേണ്‍, ലോകം ആദരിക്കുന്ന, ബഹുമാനിക്കുന്ന വനിത. ന്യൂസിലന്റിന്റെ 40-ാമത് പ്രധാനമന്ത്രിയായി ജസീന്ദ ചുമതലയേറ്റത് 2017 ഒക്ടോബര്‍ 26നാണ്. അതോടുകൂടി ലോകത്തിലെയും ന്യൂസിലന്റിലേയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പദവിയും 37 വയസുകാരിയായ ജസീന്തയെ തേടിയെത്തി.

ഹാമില്‍ട്ടണില്‍ ജനിച്ച ജസീന്ദ ആര്‍ഡേണ്‍ വളര്‍ന്നത് മോറിന്‍സ്വില്ലിലും മുരുപാറയിലുമാണ്. ഒരു സ്റ്റേറ്റ് സ്‌കൂളില്‍ പഠിച്ച ജസീന്ദ പിന്നീട് മോറിന്‍സ്വില്ലെ കോളേജില്‍ പഠിച്ചു, അവിടെ സ്‌കൂളിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. 2001-ല്‍ രാഷ്ട്രീയത്തിലും പബ്ലിക് റിലേഷന്‍സിലും ബാച്ചിലര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ (ബിസിഎസ്) വൈക്കാറ്റോ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. പിന്നീട് 2001-ല്‍ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചു. ബിരുദം നേടിയ ശേഷം ഗവേഷകയായി ഫില്‍ ഗോഫിന്റെയും ഹെലന്‍ ക്ലാര്‍ക്കിന്റെയും ഓഫീസുകളില്‍ ജോലി ചെയ്തു.

രാഷ്ട്രീയത്തില്‍

17 വയസ്സായപ്പോഴേക്കും അവള്‍ ലേബര്‍ പാര്‍ട്ടി അനുഭാവിയായിരുന്നു. 2008-ഓടെ അവര്‍ ന്യൂസിലന്‍ഡില്‍ തിരിച്ചെത്തി, എംപിയായി. പാര്‍ലമെന്റില്‍ ഉള്ള കാലത്ത്, കുട്ടികളുടെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള ബില്ലുകള്‍ അവര്‍ വിജയിപ്പിക്കുകയും സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. 2017 മാര്‍ച്ചില്‍ അവര്‍ ലേബര്‍ പാര്‍ട്ടിയുടെ ഉപനേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

കുട്ടികളുടെ ദാരിദ്ര്യം കുറയ്ക്കുന്നതുപോലുള്ള പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അവള്‍ നിറവേറ്റുന്നില്ലെന്ന് ഭരണകാലത്ത് ചിലര്‍ ആരോപിച്ചു. കടല്‍ത്തീരത്തെ എണ്ണ പര്യവേക്ഷണം നിരോധിക്കാനുള്ള അവളുടെ തീരുമാനം ചിലരെ ചൊടിപ്പിച്ചു, പ്രതിപക്ഷം അതിനെ ‘സാമ്പത്തിക നശീകരണം’ എന്ന് വിശേഷിപ്പിച്ചു. എങ്കിലും 2020-ലെ പൊതു തെരഞ്ഞെടുപ്പിലും 55% വോട്ടോടെ ജസീന്ദ ജയിച്ചു. അത് വന്‍ വിജയമായി വിവര്‍ത്തനം ചെയ്യപ്പെട്ടു. അതിനുശേഷം അവര്‍ തന്റെ അനുയായികളോട് പറഞ്ഞു: ‘ഏകദേശം 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പിന്തുണ ലേബര്‍ പാര്‍ട്ടിക്ക് ന്യൂസിലാന്‍ഡ് കാണിച്ചുതന്നു. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ നിസ്സാരമായി കാണില്ല. എല്ലാ ന്യൂസിലന്‍ഡുകാരെയും ഭരിക്കുന്ന ഒരു പാര്‍ട്ടിയായിരിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാം.’ 2019 ഡിസംബറില്‍ മറ്റൊരു ദുരന്തം രാജ്യത്ത് സംഭവിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള വൈറ്റ് ഐലന്‍ഡില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച്, 17 പേര്‍ മരിച്ചു. അവരില്‍ ഭൂരിഭാഗവും ഓസ്ട്രേലിയയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള വിനോദസഞ്ചാരികളായിരുന്നു. പ്രസ്തുത വേളയിലും മിസ് ആര്‍ഡേണ്‍ രാജ്യത്തെ ധീരമായി നയിച്ചു.

നിലപാടുകൊണ്ട് ശ്രദ്ധേയയായവള്‍

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹം മാറ്റി വച്ചുകൊണ്ട് മാതൃക കാട്ടുകയുണ്ടായി, ജസീന്ദ ആര്‍ഡേണ്‍. ‘എന്റെ വിവാഹ ചടങ്ങുകള്‍ നടക്കില്ല. ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവര്‍ക്കൊപ്പം ഞാനും ചേരുന്നു. ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു’. കോവിഡ് തരംഗം രൂക്ഷമായ ഒരു സമയത്ത്, പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ പറഞ്ഞതിങ്ങനെയാണ്. പൂര്‍ണ്ണമായും വാക്സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമായിരുന്നുവെങ്കിലും വിവാഹം മാറ്റിവയ്ക്കാന്‍ ജസീന്ദ തീരുമാനിക്കുകയായിരുന്നു.

ക്രൈസ്റ്റ് ചര്‍ച്ച് മുസ്ലിം പള്ളികളില്‍ നടന്ന വെടിവയ്പ്പ്

15 മാര്‍ച്ച് 2019 ന്, ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളില്‍ നടന്ന വെടിവെപ്പില്‍ 50 ആളുകളെങ്കിലും മരണമടഞ്ഞു. ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്ത ഒരു പ്രസ്താവനയില്‍ അനുശോചനമറിയിച്ചുകൊണ്ട്, തീവ്രവാദ ആശയങ്ങള്‍ ഉള്ള ആളുകളാണ് ആക്രമണം നടത്തിയതെന്ന് ആര്‍ഡേണ്‍ പറഞ്ഞു.

തോക്ക് ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഗവണ്മെന്റ് ഉദ്ദേശിക്കുന്നതായി ആര്‍ഡേണ്‍ അന്ന് വ്യക്തമാക്കി. ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തലസ്ഥാനമായ വെല്ലിന്‍ഗ്ടണില്‍ ആരംഭിച്ച അനുശോചന പുസ്തകത്തില്‍ ആദ്യത്തെ കുറിപ്പ് പ്രധാനമന്ത്രി ആഡേണിന്റെ ആയിരുന്നു. കൂടാതെ ക്രൈസ്റ്റ്ചര്‍ച്ചിലെത്തി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും കാണുകയും ചെയ്തു. വെടിവെപ്പിനോടുള്ള ആര്‍ഡേണിന്റെ പ്രതികരണം അന്താരാഷ്ട്രതലത്തില്‍ പ്രശംസിക്കപ്പെട്ടു.

പ്രധാനമന്ത്രി പദവിയിലിരിക്കെ അമ്മയായ രണ്ടാമത്തെ വ്യക്തി

19 ജനുവരി 2018ന് താന്‍ ഗര്‍ഭിണിയാണെന്നും ജൂണില്‍ തന്റെ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുമെന്നും ജസീന്ദ ആര്‍ഡേണ്‍ അറിയിച്ചു. ഗര്‍ഭിണിയാകുന്ന ആദ്യത്തെ ന്യൂസിലന്റ്് പ്രധാനമന്ത്രിയാണിവര്‍. ആഡേണ്‍ 21 ജൂണ്‍ 2018ന് ആശുപത്രിയില്‍ പ്രവേശിക്കുകയും അന്നു തന്നെ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 1990 ഇല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ അമ്മയായതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രനേതാവ് അധികാരത്തിലിരിക്കേ അമ്മയാകുന്ന രണ്ടാമത്തെ സംഭവമായിരുന്നു അത്. യാദൃശ്ചികമെന്നപോലെ ബേനസീര്‍ ഭൂട്ടോയുടെ ജന്മദിനത്തിലായിരുന്നു ജസീന്ദയുടെ മകളുടെ ജനനവും. ബ്രിട്ടീഷ് വോഗിന്റെയും ടൈം മാഗസിന്റേയും കവറുകളില്‍ ജസീന്ത ഇക്കാലയളവില്‍ ഇടംപിടിച്ചു.

അപ്രതീക്ഷിത രാജി

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചതിനെ ”ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം” എന്നാണ് പത്രങ്ങള്‍ വിശേഷിപ്പിച്ചത്. ‘പുരോഗമന’ രാഷ്ട്രീയ പ്രതിച്ഛായ കൊണ്ടും, അധികാരത്തിലെത്തുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിലുമെല്ലാം ജസീന്ത അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജസീന്തയുടെ രാജി പ്രഖ്യാപനം ന്യൂസിലാന്‍ഡിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

”ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. നമുക്ക് കഴിയുന്നത്രയും നമ്മള്‍ നല്‍കുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയമായി ‘ ലേബര്‍ പാര്‍ട്ടി അംഗങ്ങളുടെ യോഗത്തില്‍ അവര്‍ പറഞ്ഞു. തുടര്‍ഭരണം കിട്ടി മൂന്ന് വര്‍ഷത്തിനുള്ളിലാണ് ജസീന്തയുടെ രാജി പ്രഖ്യാപനം.

”ഞാന്‍ സ്ഥാനമൊഴിയുന്നു, കാരണം ഇത്തരമൊരു ചുമതല നിര്‍വഹിക്കുക എന്നത് ഉത്തരവാദിത്തമുള്ള കാര്യമാണ്. എപ്പോഴാണ് നിങ്ങള്‍ ഈ ചുമതല നിര്‍വ്വഹിക്കാന്‍ അനുയോജ്യയായ ആളെന്നും അല്ലെന്നും തിരിച്ചറിനായുള്ള വിവേകമുണ്ടാവുക എന്നതിലാണ് കാര്യം. ഈ ചുമതല എന്നില്‍ നിന്ന് എന്താണ് ആവശ്യപ്പടുന്നത് എന്ന് എനിക്കറിയാം. ആ ആവശ്യത്തിനോട് നീതി പുലര്‍ത്താനാവശ്യമായ ഊര്‍ജ്ജം എന്നില്‍ ഇപ്പോള്‍ പര്യാപ്തമായ അളവില്‍ ഇല്ല എന്ന് ഞാന്‍ മനസിലാക്കുന്നു” അവര്‍ പറഞ്ഞു.

ലേബര്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍

കുതിച്ചുയരുന്ന പണപ്പെരുപ്പം, ഉയര്‍ന്നുവരുന്ന മാന്ദ്യം, ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പ്രതിപക്ഷം എന്നിവയാല്‍ ജസീന്ത സര്‍ക്കാരിന്റെ ജനപ്രീതിയില്‍ കുറവ് വന്നിട്ടുണ്ട്. 2017-ലെ തിരഞ്ഞെടുപ്പ് ന്യൂസിലാന്‍ഡ് രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനമൊഴിയാനുള്ള ജസീന്തയുടെ തീരുമാനം ഒരു മാറ്റത്തിന് കാരണമായേക്കാം എന്ന് മാസി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഗ്രാന്റ് ഡങ്കന്‍ അഭിപ്രായപ്പെട്ടു.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ആരാകണമെന്ന ചോദ്യത്തിന് ജസീന്ത നാഷണല്‍ പാര്‍ട്ടിയുടെ ക്രിസ്റ്റഫര്‍ ലക്സണേക്കാള്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ലേബര്‍ പാര്‍ട്ടിയ്ക്ക് അവരുടെ നേതാവിനെ മാറ്റേണ്ട ആവശ്യമില്ലായിരുന്നു. ഈ വര്‍ഷാവസാനം ഒരു ദേശീയ സഖ്യത്തിലേക്ക് സര്‍ക്കാര്‍ മാറുമെന്ന് എല്ലാവരും പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു.

ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി വോട്ടെടുപ്പില്‍ പിന്നിലാണെങ്കിലും നേതൃമാറ്റം ഒക്ടോബറില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് ഭീഷണിയാകില്ല. മഹാമാരി മൂലമുണ്ടായ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. നേതൃസ്ഥാനത്ത് ഒരു പുതിയ മുഖം ഉണ്ടാകുന്നത് ലേബര്‍ പാര്‍ട്ടിയുടെ സാധ്യതകളെ സഹായിക്കുമെന്ന് കരുതുന്നു.

 

Latest News