ന്യൂസിലൻഡിലെ വോട്ടിംഗ് പ്രായം 18ൽ നിന്നും 16 ആയി കുറക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി പാർലമെന്റിൽ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ വ്യക്തമാക്കി. കാലാവസ്ഥാ പ്രതിസന്ധി പോലുള്ള വിഷയങ്ങൾ ചെറുപ്പക്കാരെയും ഭാവിയിൽ ബാധിക്കുമെന്നതിനാൽ അവർക്കും വോട്ടവകാശം ഉണ്ടാകണമെന്ന ന്യൂസിലാൻഡ് കോടതിയുടെ പ്രത്യേക വിധിയെ തുടർന്നാണ് നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നത്.
നിലവിലുള്ള വോട്ടിങ് പ്രായമായ 18 വയസ്സ് ‘വിവേചനപരവും’ യുവാക്കളുടെ മനുഷ്യാവകാശം ലംഘിക്കുന്നതുമാണെന്നായിരുന്നു കോടതി വിധി. ഇതിൻറെ ചുവട് പിടിച്ചാണ് വോട്ടിംഗ് പ്രായം 16 ലേക്ക് നിജപ്പെടുത്താൻ സർക്കാർ തീരുമാനം. എന്നാൽ പാർലമെൻറിൽ ബില്ല് കൊണ്ടുവന്നാലും പാസാക്കണമെങ്കിൽ 75% എംപിമാർ ബില്ലിനെ പിന്തുണക്കേണ്ടതുണ്ട്.
‘വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെ ഞാൻ വ്യക്തിപരമായി പിന്തുണയ്ക്കുന്നു, പക്ഷേ ഇത് എനിക്കോ സർക്കാരിനോ ഒരു വിഷയമല്ല. തിരഞ്ഞെടുപ്പ് നിയമത്തിലെ ഏത് മാറ്റത്തിനും 75 ശതമാനം പാർലമെന്റേറിയൻ പിന്തുണ ആവശ്യമാണ്,’ പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. ബ്രസീൽ, ഓസ്ട്രിയ, ക്യൂബ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് 18 വയസ്സിന് താഴെയുള്ളവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്നത്.