Monday, March 3, 2025

പുസ്തക പ്രസിദ്ധീകരണത്തിൽ ഒരു പുതിയ യുഗം സൃഷ്ടിച്ച് ജപ്പാൻ

പുസ്തക പ്രസിദ്ധീകരണ വ്യവസായത്തിൽ ഒരു പുതിയ യുഗം സൃഷ്ടിച്ച് ജപ്പാൻ. ഒറ്റവ്യക്തി പ്രസാധകർ എന്നതാണ് രാജ്യത്ത് ഈ രംഗത്ത് പുതിയ മാറ്റമായി മാറിയിരിക്കുന്നത്. മൂൺ & കോമ്പസിന്റെ സ്ഥാപകനായ മസാക്കോ നിഷിയാമ അത്തരത്തിലുള്ള ഒരു വ്യക്തിപ്രസാധകനാണ്. പ്രസിദ്ധീകരണ മേഖലയിൽ അനുഭവം നേടിയശേഷം, നിഷിയാമ സ്വന്തമായി ഇത് കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.

നിഷിയാമയുടെ സമീപകാല വിജയങ്ങളിലൊന്നാണ് ‘ജെ സുയിസ് ല: കൊക്കോ നി ഇരുയോ’ (ഞാൻ ഇവിടെയുണ്ട്). തന്റെ പൂച്ചയുടെ നഷ്ടത്തെ നേരിടുന്ന ഒരു ആൺകുട്ടിയുടെ കഥ പറയുന്ന ചിത്രപുസ്തകമാണിത്. 2023 നവംബറിൽ പ്രസിദ്ധീകരിച്ചതിനുശേഷം ഏകദേശം മൂവായിരം കോപ്പികൾ വിറ്റഴിഞ്ഞു. പുസ്തകത്തിന്റെ തനതായ രൂപകല്പനയും കഥപറച്ചിലും അതിനെ മികവുറ്റതാക്കി.

മറ്റൊരു ഏകവ്യക്തി പ്രസാധകനായ റിയോ സസാക്കിയും തന്റെ കമ്പനിയായ മന്യോഷ ഐ എൻ സി യിൽ വിജയം കണ്ടെത്തി. സസാക്കിയുടെ പുസ്തകമായ, ‘ഐസുരു യോറിമോ ഐസറെതൈ’ (ഞാൻ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ സ്നേഹിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു) എന്ന ക്‌ളാസ്സിക് കവിതകളുടെ വിവർത്തനം 2022 ൽ പ്രസിദ്ധീകരിച്ചതിനുശേഷം 2,60,000 കോപ്പികൾ വിറ്റുപോയി.

വ്യക്തിഗതമായ പ്രസിദ്ധീകരണ സ്ഥാപനം നടത്തുന്നതിനുള്ള വെല്ലുവിളികൾക്കിടയിലും നിഷിയാമയും സസാക്കിയും സ്വതന്ത്രരാകുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യത്തിലും സർഗാത്മകതയിലും ആവേശഭരിതരാണ്. “നിങ്ങൾ ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്തോറും നിങ്ങളുടെ ഭാവി മാറ്റിമറിക്കാൻ സാധിക്കും” – വ്യവസായത്തിലെ നെറ്റ്‌വർക്കിംഗിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് നിഷിയാമ പറയുന്നു.

പുസ്‌തക പ്രസിദ്ധീകരണ വ്യവസായം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, അതുല്യവും നൂതനവുമായ പുസ്‌തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ തങ്ങൾക്ക് ഒരു പ്രധാനപങ്ക് വഹിക്കാനുണ്ടെന്ന് ഏകവ്യക്തി പ്രസാധകർ തെളിയിക്കുന്നു. അവരുടെ അഭിനിവേശം, സർഗാത്മകത, നിശ്ചയദാർഢ്യം എന്നിവയാൽ ഈ സ്വതന്ത്ര പ്രസാധകർ പുസ്തക പ്രസാധനരംഗത്തെ നൂതനഭാവി രൂപപ്പെടുത്താൻ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News