Friday, April 4, 2025

ജനനനിരക്ക് മെച്ചപ്പെടുത്താൻ പൗരന്മാർക്ക് പ്രതിഫലവുമായി ജപ്പാൻ

രാജ്യത്തെ ജനനനിരക്ക് ഉയർത്താനും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് കൊണ്ടുവരാനും പൗരന്മാർക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് ജപ്പാൻ. കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനിൽ ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ എണ്ണം ഉയർത്തുന്നതിന് അനുകൂല സാഹചര്യം ഒരുക്കുന്നതിനായി സർക്കാർ നൽകുന്ന ഗ്രാന്റ് ഉയർത്തിയത്.

നിലവിൽ ജപ്പാനിൽ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും രക്ഷിതാക്കൾക്ക് 4,20,000 യെൻ (2.52 ലക്ഷം രൂപ) ഗ്രാൻഡായി നൽകുന്നുണ്ട്. ഇത് 5,00,000 യെൻ (3 ലക്ഷംരൂപ) ആക്കി ഉയർത്താനാണ് സർക്കാർ തയ്യാറെടുക്കുന്നത്. പുതിയ നിർദ്ദേശം സംബന്ധിച്ച് കുടുംബ ആരോഗ്യമന്ത്രി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചർച്ച നടത്തിയിട്ടുണ്ട്. 2023- ഓടെ നിർദ്ദേശം അംഗീകരിക്കപ്പെടുകയും നിലവിൽ വരികയും ചെയ്യും. പ്രസവ-ശിശുസംരക്ഷണ ഗ്രാൻഡ് 2009- നു ശേഷം ആദ്യമായിട്ടാണ് ജപ്പാൻ വർദ്ധിപ്പിക്കുന്നത്.

എന്നാൽ ഈ ഗ്രാന്റുകളൊന്നും കൂടുതൽ കുട്ടികൾ എന്ന മനോഭാവത്തിലേക്ക് ജനങ്ങളെ എത്തിക്കില്ലെന്നാണ് വിലയിരുത്തൽ. പ്രസവാനന്തര ചെലവുകൾക്കും കുഞ്ഞിന്റെ സംരക്ഷണത്തിനും മറ്റുമായി സർക്കാർ നൽകുന്ന ഗ്രാന്റിന്റെ ഇരട്ടി ചിലവാകും. അതുകൊണ്ടു തന്നെ സർക്കാർ നൽകുന്ന തുക പരിമിതമാണെന്നാണ് ജപ്പാൻകാരുടെ വാദം.

2021- ൽ സർക്കാർ പുറത്തുവിട്ട രേഖകൾപ്രകാരം ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ജപ്പാൻ. ഇത് രാജ്യത്ത് വലിയ ആശങ്കകളാണ് ഉയർത്തുന്നത്.

Latest News