ജപ്പാനിലെ നിവാനോ ഫൗണ്ടേഷൻ സമാധാനത്തിനായി ഏർപ്പെടുത്തിയ പുരസ്‌കാരം ഇന്ത്യയിൽ നിന്നുള്ള രാജഗോപാൽ പി.വിക്ക് നൽകുവാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ അറിയിച്ചു. നീതിക്കും സമാധാനത്തിനുമായുള്ള പ്രത്യേക സേവനങ്ങൾ മാനിച്ച് നൽകി വരുന്ന പുരസ്കാരമാണ് ഇത്.
1948-ൽ കേരളത്തിൽ ജനിച്ച രാജഗോപാൽ പി.വി ഏക്താ പരിഷാദ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ കൂടിയാണ്. രാജ്യത്തെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സമാധാനപരമായും അഹിംസാമാർഗ്ഗങ്ങളിലൂടെയും അദ്ദേഹം ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുക. പാവപ്പെട്ടവർക്കുള്ള സേവനങ്ങളുടെ ഭാഗമായി യുവജന വിദ്യാഭ്യാസം, കുറ്റവാളിസംഘങ്ങൾക്ക് കീഴടങ്ങലിനും അവരുടെ സമൂഹത്തിലുള്ള പുനരധിവാസത്തിനും അദ്ദേഹം ചെയ്യുന്ന സേവനങ്ങൾ ജലം, സ്വത്ത് തുടങ്ങി, പാവപ്പെട്ടവരുടെ ആവശ്യങ്ങൾ ഉറപ്പുവരുത്തൽ, പ്രകൃതി സംരക്ഷണത്തിനായുള്ള പരിശ്രമങ്ങൾ എന്നിവയും ഈ സമ്മാനത്തിന് അദ്ദേഹത്തെ അർഹനാക്കി.
ഈ വർഷം മെയ് 11-ന് ജപ്പാനിലെ ടോക്കിയോയിൽ വച്ചാണ് സമ്മാനദാനം നടക്കുക. പുരസ്കാരത്തിൽ മെഡലിനൊപ്പം ഒന്നേകാൽ കോടിയോളം രൂപയും അദ്ദേഹത്തിന് ലഭിക്കും.