ജപ്പാനിലെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഗവണ്മെന്റിനുള്ള പിന്തുണ കുറഞ്ഞതായി രണ്ട് പ്രധാന വോട്ടെടുപ്പുകളിലൂടെ കണ്ടെത്തി. രാജ്യം കൊവിഡ് കേസുകളില്‍ റെക്കോര്‍ഡിലേക്ക് നീങ്ങുന്നു എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ജൂലൈ 29 മുതല്‍ 31 വരെ നിക്കി പത്രം നടത്തിയ വോട്ടെടുപ്പില്‍ കിഷിദയുടെ മന്ത്രിസഭയ്ക്കുള്ള അംഗീകാരം 2 ശതമാനം ഇടിഞ്ഞ് 58% ആയി. ക്യോഡോ ന്യൂസ് ഞായറാഴ്ച പുറത്തിറക്കിയ ഒരു പ്രത്യേക വോട്ടെടുപ്പിലെ അംഗീകാര നിരക്ക് 51% ആയിരുന്നു. ഇത് അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ ട്രാക്കിംഗിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം ജൂലൈയില്‍ നടന്ന ഉപരിസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. പക്ഷേ കോവിഡ് കേസുകള്‍ കുറച്ചുകൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നാണ് ആരോപണം.
പ്രതിവാര കോവിഡ് -19 കേസുകളില്‍ ജപ്പാന് ലോകത്തു തന്നെ ഒന്നാം സ്ഥാനത്തെത്തിയതായി ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച പറഞ്ഞതിന് ശേഷം കൊറോണ വൈറസ് വര്‍ധനവ് സംബന്ധിച്ച് രാജ്യത്ത് ആശങ്കകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അണുബാധകള്‍ പടരുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് കരുതുന്നതായാണ് നിക്കി വോട്ടെടുപ്പില്‍ പങ്കെടുത്ത പകുതിയോളം പേരും പറഞ്ഞത്.