ജപ്പാനിൽ അതിതീവ്രവും ഏറെ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതുമായ ഭൂകമ്പസാധ്യതാ മുന്നറിയിപ്പ് നൽകി സർക്കാർ. ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതുവഴി ഏകദേശം 2,98,000 പേർ മരിക്കുകയും രണ്ടു ട്രില്യൺ ഡോളറിന്റെ സാമ്പത്തികനഷ്ടം സംഭവിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ടോക്കിയോയുടെ പടിഞ്ഞാറുള്ള ഷിസുവോക്ക മുതൽ ക്യുഷുവിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന 800 കിലോമീറ്റർ ആഴത്തിലുള്ള കടലിനടിയിലെ വലിയ ഭൂകമ്പത്തിന്റെ സാധ്യതയെക്കുറിച്ചാണ് മുന്നറിയിപ്പിൽ പറയുന്നത്. കാബിനറ്റ് ഓഫീസിലെ ദുരന്തനിവാരണ സംഘത്തിന്റെ കണക്കനുസരിച്ച്, സുനാമിയിൽ 2,15,000 പേർ മരിക്കാം. അതേസമയം കെട്ടിടങ്ങൾ തകർന്ന് 73,000 പേരും തീപിടിത്തത്തിൽ 9,000 പേരും മരിക്കാം.
നൂറുമുതൽ 150 കൊല്ലത്തിനിടയ്ക്ക് ഒരിക്കൽ ഇവിടെ ഭൂചലനം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2024 ൽ, സംഹാരശേഷിയുള്ള ഒരു ഭൂചലനം ജപ്പാൻ പ്രഖ്യാപിച്ചിരുന്നു. തെക്കൻ ജപ്പാനിലുണ്ടായ 7.1 തീവ്രതയുള്ള ഭൂകമ്പത്തെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. ഇതിൽ 14 പേർക്ക് പരിക്കേൽക്കുകയും നങ്കായ് ട്രഫിൽ ഭൂകമ്പസാധ്യത താൽക്കാലികമായി വർധിപ്പിക്കുകയും ചെയ്തു.
തീവ്രത ഒൻപതു വരെ രേഖപ്പെടുത്താൻ സാധ്യതയുള്ള ഭൂചലനമുണ്ടാകുന്നപക്ഷം പത്തുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ പത്തു ശതമാനത്തോളമാണ് ഇത്.