ജപ്പാനിലേക്ക് മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല്‍ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില്‍ പരിഭ്രാന്തി പരത്തി. വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി.
ദക്ഷിണ കൊറിയയും ജപ്പാനും യുഎസും വെള്ളിയാഴ്ച സമുദ്രത്തില്‍ അന്തര്‍വാഹിനി അഭ്യാസം നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിച്ചത്. ഈ മൂന്നു രാജ്യങ്ങളും സംയുക്ത സൈനിക അഭ്യാസങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡും സ്ഥിരീകരിച്ചു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ അപലപിച്ചു. മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷണികൊറിയയും ആരോപിച്ചു. ഉത്തരകൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്രസഭയുടെ മുഴുവന്‍ തത്ത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യരാഷ്ട്രമായ അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഉത്തരവിട്ടതായും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.