രക്തപരിശോധനയിലൂടെ അൾഷിമേഴ്സ് കണ്ടെത്തുന്നതിനുള്ള മെഡിക്കൽ കിറ്റിന് ജപ്പാനിൽ അംഗീകാരം. അൾഷിമേഴ്സ് രോഗത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായ തലച്ചോറിലെ അമിലോയിഡ് ബീറ്റ കണ്ടുപിടിക്കുന്നതിനായുള്ള രക്തപരിശോധനക്ക് ആണ് ജപ്പാൻ റെഗുലേറ്ററിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. കിറ്റ് ഉപയോഗിച്ച് ഒരു ചെറിയ അളവ് രക്തത്തിലൂടെ തലച്ചോറിലെ അമിലോയ്ഡ് ബീറ്റയുടെ അളവ് മനസ്സിലാക്കാൻ സാധിക്കും.
ജപ്പാനിലെ സിസ്മെക്സ് കോർപ്പറേഷൻ കമ്പനി ആണ് ഇക്കാര്യം അറിയിച്ചത്. ജാപ്പനീസ് മരുന്ന് നിർമ്മാതാക്കളായ ഈസായ്കോയുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള അൾഷിമേഴ്സിനെ നേരിടുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റം ആയാണ് ഈ ടെസ്റ്റ് കിറ്റിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്.
”അൽഷിമേഴ്സ് രോഗനിർണ്ണയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മസ്തിഷ്കത്തിൽ അമിലോയ്ഡ് ബീറ്റ അടിഞ്ഞുകൂടുന്നത് കൂടുതൽ വേഗത്തിലും എളുപ്പത്തിലും തിരിച്ചറിയുന്നതിനുള്ള ഒരു സാങ്കേതികവിദ്യ സിസ്മെക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത പരിശോധനാ രീതികളിൽ നിന്ന് വ്യത്യസ്തമായി ഈ കിറ്റ് രക്തം ഉപയോഗിച്ച് പരിശോധന നടത്തുന്നു” -സിസ്മെക്സ് കോർപ്പറേഷൻ കമ്പനി വ്യക്തമാക്കി.