ജാപ്പനീസ് ഗവേഷകർ നിർമിച്ച ലോകത്തിലെ ആദ്യത്തെ തടി ഉപഗ്രഹം ചൊവ്വാഴ്ച ബഹിരാകാശത്തേക്കു വിക്ഷേപിച്ചു. ക്യോട്ടോ യൂണിവേഴ്സിറ്റിയും ഹോം ബിൽഡർ സുമിറ്റോമോ ഫോറസ്ട്രിയും ചേർന്നു വികസിപ്പിച്ച ‘ലിഗ്നോസാറ്റ്’ എന്ന ഉപഗ്രഹമാണ് സ്പേസ് എക്സ് ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പറന്നുയർന്നത്. ശേഷം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ദൂരത്തുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും ചെയ്യും.
തടി എന്നതിന്റെ ലാറ്റിൻ പദമാണ് ലിഗ്നോസാറ്റ്. മനുഷ്യർ ബഹിരാകാശത്തു താമസിക്കാൻ പര്യവേഷണം നടത്തുമ്പോൾ അവിടെ പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ സാധ്യതകൾ പഠിക്കുകയാണ് ലിഗ്നോസാറ്റിന്റെ ലക്ഷ്യം. മനുഷ്യന് ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു വസ്തുവായ തടി ഉപയോഗിച്ച്, ബഹിരാകാശത്ത് വീടുകൾ നിർമിക്കാനും താമസിക്കാനും ജോലിചെയ്യാനും കഴിയുമെന്ന് ക്യോട്ടോ സർവകലാശാലയിലെ ബഹിരാകാശയാത്രികനും ശാസ്ത്രജ്ഞനുമായ തകാവോ ഡോയ് വെളിപ്പെടുത്തുന്നു.
മരങ്ങൾ നട്ടുപിടിപ്പിക്കാനും ചന്ദ്രനിലും ചൊവ്വയിലും തടികൊണ്ടുള്ള വീടുകൾ നിർമിക്കാനുമുള്ള 50 വർഷത്തെ പ്രവർത്തനങ്ങൾ മനസ്സിൽ കണ്ടുകൊണ്ടായിരുന്നു ഈ പദ്ധതി മുന്നോട്ടുപോയത്. തടി ഒരു ബഹിരാകാശ-ഗ്രേഡ് മെറ്റീരിയലാണെന്നു തെളിയിക്കാൻ നാസയുടെ സഹായത്തോടെ തടി ഉപഗ്രഹം വികസിപ്പിക്കാൻ ഡോയിയുടെ സംഘം തീരുമാനിക്കുകയായിരുന്നു.
ബഹിരാകാശത്ത് വെള്ളമോ, ഓക്സിജനോ ഇല്ലാത്തതിനാൽ തടി ഭൂമിയിലേക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്നാണ് അനുമാനം. കൂടാതെ, ഒരു തടി ഉപഗ്രഹം ബഹിരാകാശത്തെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.