യു.എ.ഇ.യുടെ ആദ്യ ചന്ദ്രദൗത്യത്തിനായി പുറപ്പെട്ട റാഷിദ് റോവര്‍ വഹിച്ചിരുന്ന ബഹിരാകാശ പേടകവുമായുള്ള ഭൂമിയിലെ ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രനില്‍ ഇറങ്ങാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഗ്രൗണ്ട് കണ്‍ട്രോള്‍ ടീമിന് പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്.
യുഎഇ നിര്‍മ്മിത റോവര്‍ വഹിച്ചിരുന്ന ഹകുട്ടോ മിഷന്‍ 1 ലൂണാര്‍ ലാന്‍ഡര്‍ യുഎഇ സമയം രാത്രി 8.40ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങേണ്ടതായിരുന്നു. ടോക്കിയോയിലെ നിഹോന്‍ബാഷിയിലുള്ള തങ്ങളുടെ നിയന്ത്രണ കേന്ദ്രത്തിന് ചന്ദ്ര ലാന്‍ഡറിന്റെ വിജയം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജപ്പാന്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ഐസ്പേസ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ചന്ദ്രനിലിറങ്ങാനുള്ള ശ്രമത്തിനിടെ ഹകുട്ടോ-ആര്‍ മിഷന്‍ 1 ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ജപ്പാന്റെ ഐസ്പേസ് അറിയിച്ചു.
ചന്ദ്രനില്‍ ഒരു ബഹിരാകാശ പേടകം സ്ഥാപിക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി യുഎഇ മാറുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ മങ്ങിയിരിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ 11 എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന ഒരു പ്രധാന സംഘമാണ് 2017 മുതല്‍ റാഷിദ് റോവറിനായി പ്രയത്‌നിച്ചിരുന്നത്.
ചന്ദ്രോപരിതലത്തിലേക്കുള്ള ഒരു സ്വകാര്യ ദൗത്യം നിര്‍വ്വഹിച്ച ആദ്യ കമ്പനിയായി ചരിത്രം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഐസ്പേസ്.