ലോകത്ത് ആദ്യമായി വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി അരിഡ സിറ്റിയിൽ ഒരു 3D പ്രിന്റഡ് ട്രെയിൻ സ്റ്റേഷൻ നിർമ്മിച്ചു. ഇതിനെ, റെയിൽ അടിസ്ഥാനസൗകര്യ നവീകരണത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നു. 1948 മുതലുള്ള പഴകിയ തടിക്കെട്ടിടത്തിനു പകരമായാണ് പുതിയ ഹത്സുഷിമ സ്റ്റേഷൻ നിർമ്മിച്ചത്.
2018 മുതൽ ഓട്ടോമേറ്റഡ് ആയ ഈ സ്റ്റേഷൻ പ്രതിദിനം ഏകദേശം 530 യാത്രക്കാർക്കാണ് സൗകര്യം ഒരുക്കുന്നത്. മണിക്കൂറിൽ ഒന്നുമുതൽ മൂന്നു തവണ വരെ സർവീസ് നടത്തുന്ന ഒരു മിതമായ ട്രെയിൻ ലൈനിലാണ് ഇത് സ്ഥിതിചെയ്യുന്നത്. റെയിൽവേ ഓപ്പറേറ്റർ നിയമിച്ച നിർമ്മാണ സ്ഥാപനമായ സെറെൻഡിക്സ് നിർമ്മിച്ച പ്രീ ഫാബ്രിക്കേറ്റഡ് ഘടകങ്ങൾ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
സെറെൻഡിക്സ് പറയുന്നതനുസരിച്ച്, ഘടകങ്ങളുടെ അച്ചടിയും കോൺക്രീറ്റ് ബലപ്പെടുത്തലിനും ഏഴു ദിവസമെടുത്തു. അരിഡയിൽ നിന്ന് ഏകദേശം 804 കിലോമീറ്റർ അകലെയുള്ള ക്യുഷു ദ്വീപിലെ കുമാമോട്ടോ പ്രിഫെക്ചറിലെ ഒരു ഫാക്ടറിയിലാണ് ജോലികൾ നടന്നത്. റോഡ് മാർഗം, ഓരോ ഭാഗങ്ങൾ വീതം മാർച്ച് 24 ന് വൈകുന്നേരമാണ് അവിടെ എത്തിച്ചത്.
ചൊവ്വാഴ്ച രാത്രിയിൽ ട്രക്കുകൾ എത്തിയപ്പോൾ, ചരിത്രപരമായ നിർമ്മാണം കാണാൻ ഡസൻകണക്കിന് ആളുകളാണ് ഒത്തുകൂടിയത്. ആറു മണിക്കൂറിനുള്ളിൽ, പ്രത്യേക മോർട്ടാർ ഉപയോഗിച്ചു നിർമ്മിച്ച പ്രീപ്രിന്റ് ചെയ്ത ഭാഗങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. പ്രത്യേക ട്രക്കുകളിലാണ് അവ എത്തിച്ചത്. പഴയ സ്റ്റേഷനിൽ നിന്ന് ഏതാനും അടി അകലെ, തൊഴിലാളികൾ അവയെ ഒന്നിച്ചുചേർക്കുന്ന സ്ഥലത്തേക്ക് ഒരു വലിയ ക്രെയിൻ ഉപയോഗിച്ച് ഓരോന്നും ഉയർത്തുകയായിരുന്നു.