Tuesday, November 26, 2024

ജനനനിരക്കിലെ ഇടിവിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി

ജപ്പാന്റെ ജനനനിരക്ക് സുസ്ഥിരമല്ലെന്നും രാജ്യത്തെ ജനസംഖ്യ കുറയുന്നത് സമൂഹത്തിന് ഭയാനകമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും താഴ്ന്ന ജനനനിരക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ജപ്പാനിലാണെന്നും, ഒരു സമൂഹമായി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയുമോ എന്ന് സംശയിക്കുന്ന അവസ്ഥയിലാണ് രാജ്യം നിലവിലുള്ളതെന്നും കഴിഞ്ഞയാഴ്ച പാര്‍ലമെന്റിന്റെ ഒരു സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ കിഷിദ പറഞ്ഞു.

2021-ല്‍ അധികാരമേറ്റ കിഷിദ, അതേ വര്‍ഷം ഏപ്രിലില്‍ കുട്ടികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഒരു പുതിയ സര്‍ക്കാര്‍ ഏജന്‍സി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാതാപിതാക്കള്‍ ചെലവഴിക്കുന്ന സമയം ഇരട്ടിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകബാങ്ക് കണക്കുകള്‍ പ്രകാരം, 125 ദശലക്ഷം ജനസംഖ്യയുള്ള ജപ്പാനില്‍, 65 വയസും അതിന് മുകളിലുമുള്ളവരുടെ എണ്ണമാണ് കൂടുതല്‍. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള രാഷ്ട്രമെന്ന നിലയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രായമായ ജനസംഖ്യയെ പരിപാലിക്കാന്‍ പാടുപെടുകയാണ് ജപ്പാന്‍.

ഏഷ്യാ ന്യൂസ് പറയുന്നതനുസരിച്ച്, കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനെ കിഷിദ പിന്തുണയ്ക്കുന്നു. കൂടാതെ ശിശുസംരക്ഷണ സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും ജാപ്പനീസ് തൊഴില്‍ ശീലങ്ങളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. മേല്‍പ്പറഞ്ഞ പരിഷ്‌കാരങ്ങള്‍ ജോലിക്കാരായ മാതാപിതാക്കള്‍ക്ക് ജോലിയും കുടുംബജീവിതവും ഒന്നുപോലെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അവസരമൊരുക്കുന്ന തരത്തിലാണ്.

ജാപ്പനീസ് സമൂഹത്തിന്റെ എല്ലാ മേഖലകളെയും ജനസംഖ്യാ പ്രശ്‌നം ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് ടോക്കിയോ ആര്‍ച്ച് ബിഷപ്പ് 2019 ല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനസംഖ്യ കുറയുന്നത് സഭയ്ക്ക് മാത്രമല്ല, മുഴുവന്‍ ജാപ്പനീസ് സമൂഹത്തിനും ഒരു പ്രശ്‌നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മസനോബു ഒഗുറയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ ടാസ്‌ക് ഫോഴ്സ് ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അംഗങ്ങള്‍ പദ്ധതിയിടുന്നതായി ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 

Latest News