ജപ്പാന്റെ ആദ്യ ബഹിരാകാശദൗത്യമായ ‘സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ’ അഥവാ ‘സ്ലിം’ പേടകം വിക്ഷേപിച്ചു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശകേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. വ്യാഴാഴ്ച രാവിലെ നടത്തിയ വിക്ഷേപണം വിജയകരമായതായി ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്സ) അറിയിച്ചു.
പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചു പഠിക്കാനുള്ള എക്സ്-റേ ടെലിസ്കോപ്പ് സംവിധാനവും ചാന്ദ്രലാൻഡറും വഹിച്ചുകൊണ്ട് ജപ്പാന്റെ എച്ച്.ഐ.ഐ-എ റോക്കറ്റാണ് ചന്ദ്രനിലേക്ക് കുതിച്ചത്. വിക്ഷേപണം കഴിഞ്ഞ് പതിമൂന്ന് മിനിറ്റുകൾക്കുശേഷം റോക്കറ്റ് ഭൗമഭ്രമണപഥത്തിൽ എത്തിയതായി ജാക്സ അറിയിച്ചു. അടുത്ത വർഷം ആദ്യമോടെയാകും പേടകം ചന്ദ്രനിൽ ഇറങ്ങുകയെന്നും സ്പേസ് ഏജൻസി വ്യക്തമാക്കി.
സെലസ്റ്റിയൽ വസ്തുക്കൾ രൂപപ്പെട്ടത് എങ്ങനെ, പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുളള രഹസ്യങ്ങള്‍ അറിയുക എന്നീ ലക്ഷ്യങ്ങള്‍വച്ചാണ് ജാക്സയുടെ ചാന്ദ്രദൗത്യം. നാസയുമായി സഹകരിച്ച് വിവിധ തരംഗദൈർഘ്യങ്ങളിലുള്ള പ്രകാശത്തിന്റെ ശക്തി, ബഹിരാകാശത്തെ വസ്തുക്കളുടെ താപനില, അവയുടെ ആകൃതികൾ, തെളിച്ചം എന്നിവ വിലയിരുത്തിയാകും പഠനം. ആദ്യശ്രമത്തില്‍ തന്നെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംങ് നടത്തുക എന്നതും ജപ്പാന്‍ ലക്ഷ്യംവയ്ക്കുന്നു. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റർ പരിധിയിൽ പേടകം ഇറക്കാനാണ് ബഹിരാകാശ ഏജൻസിയായ ജാക്സയുടെ ശ്രമം. കഴിഞ്ഞ മാസം ചാന്ദ്രദൗത്യം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനെതുടര്‍ന്ന് സെപ്റ്റംബർ 7 -ലേക്ക് മാറ്റുകയായിരുന്നു.