Wednesday, May 14, 2025

വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു

ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകന്‍ ഴാങ് ലൂക് ഗൊദാര്‍ദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഗൊദാര്‍ദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായിരുന്നു.

1930 ഡിസംബര്‍ 3ന് പാരീസിലെ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായാണ് ജനനം. പിതാവ് റെഡ്ക്രോസില്‍ ഡോക്ടറായിരുന്നു. അമ്മ സ്വിസ് ബാങ്ക് ഉടമയും. 1950-ല്‍ പാരീസിലെ സോര്‍ബണ്‍ യുണിവേഴ്സിറ്റിയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ഉന്നതബിരുദം നേടി. തിരക്കഥ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങള്‍ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു.

ബ്രെത്ത്ലെസ് ആണ് ആദ്യ ചിത്രം. എ വുമണ്‍ ഈസ് എ വുമണ്‍ (1969) ആദ്യത്തെ വര്‍ണചിത്രം. അറുപതുകള്‍ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാര്‍ത്ഥി കലാപത്തിനുശേഷം വിന്‍ഡ് ഫ്രം ദ ഈസ്റ്റ് (1969) പോലുള്ള രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങള്‍ നിര്‍മിച്ചു.

എഴുപതുകളില്‍ വീഡിയോയും ടെലിവിഷന്‍ പരമ്പരകളും ഗൊദാര്‍ദ് മാധ്യമമാക്കി. എണ്‍പതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. കിങ്ലിയര്‍, ഹിസ്റ്ററി ഓഫ് സിനിമ എന്നിവയും ശ്രദ്ധേയം.

Latest News