Saturday, November 23, 2024

ബുക്കര്‍ പുരസ്‌കാരം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്

ബുക്കര്‍ പുരസ്‌കാരം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്. ‘കെയ്‌റോസ്’ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരിയാകുകയാണ് ജെന്നി. നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ, മിഖായേല്‍ ഹോഫ്മാനും പുരസ്‌കാരമുണ്ട്.

മുന്‍പ് വേറിട്ട അസ്തിത്വത്തോടെ നിലനിന്നിരുന്ന കിഴക്കന്‍ ജര്‍മനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലത്തില്‍ എഴുതിയിരിക്കുന്ന ഒരു സങ്കീര്‍ണമായ പ്രണയകഥയാണ് ജെന്നിയുടെ കെയ്‌റോസ്. ഉട്ടോപ്യന്‍ രീതിയില്‍ തുടങ്ങി വളരെ കയ്‌പ്പേറിയ സംഭവങ്ങളിലൂടെ കടന്നുപോയി ഒടുവില്‍ കെട്ടടങ്ങുന്ന പ്രണയമാണ് ജെന്നി നോവലില്‍ വരച്ചുകാണിച്ചിരിക്കുന്നത്. സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണകൂടങ്ങള്‍ വ്യക്തികളില്‍ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവും നോവലില്‍ മനോഹരമായി ഇടകലരുന്നുണ്ട്.

ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 149 നോവലുകളില്‍ നിന്നാണ് കെയ്‌റോസ് ബുക്കര്‍ പ്രൈസ് നേടിയത്. സമ്മാനത്തുകയായ 50,000 പൗണ്ട് അഥവാ 64,000 ഡോളര്‍ എഴുത്തുകാരിയും വിവര്‍ത്തകനും പങ്കുവയ്ക്കും. ബെര്‍ലിന്‍ മതിലിന്റെ പതനത്തിലേക്ക് നയിക്കുന്ന ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ അവസാന നാളുകളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്‌റോസെന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തി.

 

Latest News