കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ പ്രവര്‍ത്തി കേരള സമൂഹം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയും പ്രതികളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സംഭവത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അച്ഛനേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിന്റെ അനന്തരഫലമായി മറ്റൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. കെഎസ്ആര്‍ടിസിയ്ക്ക് ലക്ഷങ്ങളുടെ പരസ്യം നല്‍കിയിരുന്ന ജൂവലറി ഗ്രൂപ്പ് കമ്പനിയുമായുള്ള എഗ്രിമെന്റില്‍ നിന്നും പിന്‍വാങ്ങി. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അച്ചായന്‍സ് ഗോള്‍ഡാണ് കെഎസ്ആര്ടിസിയുമായുളള എഗ്രിമെന്റില്‍ നിന്ന് പിന്‍വാങ്ങിയത്. വളരെ ഞെട്ടലുണ്ടായിയ സംഭവത്തില്‍ ഏറെ വേദനയുണ്ടായി എന്ന് അച്ചായന്‍സ് ഗോള്‍ഡ് മാനേജര്‍ അറിയിച്ചു.
‘മനസിനെ നോവിക്കുന്ന വീഡിയോ കണ്ടതോടെയാണ് ജൂവലറിയുടെ ഭാഗത്തുനിന്നും കെഎസ്ആര്‍ടിസിയെ ഒഴിവാക്കുന്ന തീരുമാനം ഞങ്ങളുടെ എംഡി ടോണി എടുത്തത്. ജനങ്ങള്‍ക്കൊപ്പം നില്ക്കുക എന്നുള്ളതാണ് അച്ചായന്‍സിന്റെ രീതി. മാത്രമല്ല കെഎസ്ആര്‍ടിസിക്ക് നല്കി വന്ന തുകയുടെ ഒരു ഭാഗം ജിവനക്കാരുടെ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്കുവാനും ജൂവലറി ഗ്രൂപ്പ് തീരുമാനിച്ചു. പ്രേമന്റെ മകള്‍ രേഷ്മയ്ക്ക് മൂന്നു വര്‍ഷത്തെ യാത്രാച്ചെലവിനായി 50,000 രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. നാലുവര്‍ഷത്തെ യാത്രാ സൗകര്യത്തിനുള്ള തുക എന്ന നിലയിലാണ് ഇതു നല്‍കിയത്’. മാനേജര്‍ പറഞ്ഞു.
20 ബസുകളില്‍ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1,80,000 രൂപയാണ് അച്ചായന്‍സ് ഗ്രൂപ്പ് കെഎസ്ആര്‍ടിസിയ്ക്ക് നല്കി വന്നത്. കഴിഞ്ഞ ആറുമാസമായി ഇത് തുടരുന്നു. മൂന്ന് മാസത്തെ കരാര്‍ പുതുക്കേണ്ട സമയം ഇപ്പോഴായിരുന്നു. ഈ പ്രശ്നം ശ്രദ്ധയില്‍പെട്ടതോടെ കരാര്‍ ഇനി പുതുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.