മുക്തി മോര്‍ച്ച പാര്‍ട്ടി നേതാവ് ചമ്പായ് സോറന്‍ ഝാര്‍ഖണ്ഡിന്റെ ഏഴാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. റാഞ്ചിയിലെ രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ്സ് നേതാവ് അലംഗാര്‍ അലം, ആര്‍ജെഡി നേതാവ് സത്യാനന്ദ ഭോക്ത എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സി പി രാധാകൃഷ്ണനാണ് സത്യപ്രതിജഞ വാചകം ചൊല്ലി കൊടുത്തത്. മുന്‍ മുഖ്യമന്ത്രിയായ ഹേമന്ത് സോറനെ ഇഡി അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ കക്ഷിനേതാക്കള്‍ തിരഞ്ഞെടുത്തത്.
കള്ളപണ കേസില്‍ ഹേമന്ത് സോറനെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തു. അതിനുപിന്നാലെ ഹേമന്ത് സോറന്‍ രാജി വെയ്ക്കുകയും ചെയ്തിരുന്നു. രാജിക്ക് പിന്നാലെ ചമ്പായ് സോറന്റ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയിലുള്ള 48 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയാണ് മന്ത്രിസഭയുണ്ടാക്കാന്‍ ചമ്പായ് സോറനെ ഗവര്‍ണര്‍ ക്ഷണിച്ചത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന ഗതാഗത മന്ത്രിയായ ചമ്പായ് സോറന്‍ ഏഴ് തവണ എംഎല്‍എ ആയിട്ടുണ്ട്. ജെഎംഎമ്മില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം സ്വതന്ത്ര എംഎല്‍എ ആയിരുന്നു.