Monday, April 21, 2025

യുദ്ധക്കുറ്റം: ടിംബക്ടുവിലെ ജിഹാദിസ്റ്റ് പൊലീസ് മേധാവിക്ക് പത്തുവർഷം തടവ് വിധിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി

മാലിയിലെ ചരിത്രനഗരമായ ടിംബക്ടുവിലെ ഇസ്ലാമിക് പൊലീസിൻ്റെ മുൻമേധാവിയെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ. സി. സി.) യുദ്ധക്കുറ്റങ്ങൾക്ക് പത്തുവർഷം തടവിനു ശിക്ഷിച്ചു. 2012 ൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൻസാർ ഡൈൻ ഗ്രൂപ്പ് നഗരം കീഴടക്കിയതിനുശേഷം ഇസ്ലാമിക് പൊലീസിന്റെ മുൻ മേധാവിയായിരുന്ന അൽ-ഹസൻ ആഗ് അബ്ദുൾ അസീസ് ആഗ് മുഹമ്മദ് ആഗ് മഹ്മൂദ്, നഗരത്തിൽ ‘ഭീകരഭരണം’ നയിച്ചതായി പ്രോസിക്യൂട്ടർമാർ വിധിപ്രസ്താവനയിൽ പറഞ്ഞു.

ജനങ്ങളെ പീഡിപ്പിച്ചതിനും കത്തിയും വാളും ഉപയോഗിച്ച് പരസ്യമായി അക്രമിച്ചതിന്റെ മേൽനോട്ടം വഹിച്ചതിനും കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി മർദിച്ചതിനും അൽ-ഹസൻ ഈ വർഷം ജൂണിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, 47 വയസ്സുള്ള ഹാസനെ ബലാത്സംഗം, ലൈംഗിക അടിമത്തം, ടിംബക്റ്റുവിന്റെ പുരാതന ശവകുടീരങ്ങൾ നശിപ്പിച്ച കുറ്റങ്ങൾ എന്നിവയിൽ നിന്നും കുറ്റവിമുക്തനാക്കി.

ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് ഹസനെ കുറ്റവിമുക്തനാക്കിയതിൽ ചില സംഘടനകൾ നിരാശ പ്രകടിപ്പിച്ചിരുന്നു. ലൈംഗീകാതിക്രമ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് ഐ. സി. സി. സ്ഥിരീകരിച്ചെങ്കിലും, ഹസന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കണ്ടെത്തിയില്ലെന്നും കോടതി പറഞ്ഞു. നെതർലൻഡ്‌സിലെ ഹേഗിലുള്ള ഐ. സി. സി. കോടതിയിൽ ബുധനാഴ്ച ശിക്ഷാവിധി വായിച്ചപ്പോൾ ഹസൻ വികാരരഹിതനായിരുന്നു.

Latest News