100 വയസ്സ് തികയുന്ന ആദ്യ അമേരിക്കൻ പ്രസിഡണ്ട് എന്ന പദവി സ്വന്തമാക്കി ജിമ്മി കാർട്ടർ. 1977 മുതൽ 1981 വരെ വൈറ്റ് ഹൗസ് കൈവശപ്പെടുത്തിയ മുൻ ഡെമോക്രാറ്റിക് പ്രസിഡണ്ടിന് ഒക്ടോബർ ഒന്നാം തീയതിയാണ് 100 വയസ്സ് തികഞ്ഞത്.
കാർട്ടർ ഒരു തവണ മാത്രമേ സേവനമനുഷ്ഠിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രസിഡണ്ട് പദവി വലിയതോതിൽ പരാജയമാണെന്ന് പലരും കരുതി. എന്നാൽ, ആ പദവിയിൽനിന്നും ഒഴിഞ്ഞശേഷം അദ്ദേഹം മറ്റൊരു 43 വർഷം കൂടി ജീവിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പോസ്റ്റ്-പ്രസിഡൻസി കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റേത്. പല മുൻ പ്രസിഡന്റുമാരും അവരുടെ ജീവിതത്തിൽ സ്വയം സമ്പന്നൻ ആകാൻ ശ്രമിച്ചപ്പോൾ കാർട്ടർ തന്റെ പ്രസിഡണ്ട് കാലഘട്ടത്തിനുശേഷം മറ്റുള്ളവരെ സമ്പന്നരാക്കാനാണ് ശ്രമിച്ചത്.
അനേകം ഗുണങ്ങളുള്ള ഒരു മനുഷ്യനായിരുന്നു ജിമ്മി കാർട്ടർ. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു സവിശേഷതയായിരുന്നു അദ്ദേഹം തന്റെ കുടുംബത്തെ എന്നും തന്നോട് ചേർത്തുനിർത്തിയ വ്യക്തിയായിരുന്നു എന്നത്. അതിനു തെളിവായിരുന്നു 77 വർഷത്തിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ ദാമ്പത്യജീവിതം. 96-ാം വയസ്സിൽ ഭാര്യ റോസലിൻ മരിച്ചതിനുശേഷം, കാർട്ടർ ഒരു അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുക്കുകയും വീൽചെയറിൽ ചാരി അതീവദുഃഖിതനായി നിൽക്കുകയും ചെയ്യുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഒരു പരാജയം എന്ന നിലയിലാണ് ലോകം നോക്കിക്കണ്ടത്. എന്നാൽ, വിദേശനയത്തിന്റെ ഭാഗമായി മനുഷ്യാവകാശങ്ങൾക്ക് കാർട്ടർ നൽകിയ ഊന്നൽ, ഊർജനയത്തിലും പരിസ്ഥിതിവാദത്തിലും കാർട്ടറുടെ ദീർഘവീക്ഷണം, വ്യക്തിപരമായ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ ആ നാല് വർഷങ്ങളിൽ അദ്ദേഹത്തെക്കുറിച്ച് ആളുകൾക്കിടയിൽ വലിയ മതിപ്പുളവാക്കിയിരുന്നു എന്ന് ദി കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ രാഷ്ട്രീയ പ്രൊഫസറും ദി ഹില്ലിന്റെ കോളമിസ്റ്റുമായ ജോൺ കെ. വൈറ്റ് വെളിപ്പെടുത്തുന്നു.
പ്രസിഡണ്ട് പദവിയിൽനിന്നും ഒഴിഞ്ഞതിനുശേഷം അനേകർക്ക് നന്മ ചെയ്യാനായി തന്റെ ശിഷ്ടജീവിതം അദ്ദേഹം മാറ്റിവച്ചു. അധിക ആഡംബരങ്ങൾ ഒഴിവാക്കി 1960-ൽ ജോർജിയയിലെ പ്ലെയിൻസിൽ താനും റോസലിനും നിർമ്മിച്ച അതേ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.