Sunday, November 24, 2024

സ്വകാര്യ കമ്പനികളില്‍ കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം; ബില്ലിന് അംഗീകാരം

കര്‍ണാടകയില്‍ തദ്ദേശീയര്‍ക്ക് സ്വകാര്യ കമ്പനികളില്‍ 100 ശതമാനം നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് കര്‍ണാടക മന്ത്രിസഭയില്‍ അംഗീകാരം. ഗ്രൂപ്പ് സി, ഡി ഗ്രേഡ് പോസ്റ്റുകളിലേക്ക് സംവരണം നല്‍കാനാണ് മന്ത്രിസഭ തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചത്. കന്നടക്കാരുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജനങ്ങള്‍ക്ക് കര്‍ണാടകയില്‍ ജോലി നല്‍കി സ്വന്തം നാട്ടില്‍ തന്നെ ജീവിക്കാന്‍ അവസരം നല്‍കാനാണ് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

സംസ്ഥാനത്തെ വ്യവസായമേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനംവരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിനും സഭ അംഗീകാരംനല്‍കി. കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണം നല്‍കാനാണ് ബില്ലിലെ വ്യവസ്ഥ.

വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതര തസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണംചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്. അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കില്‍ നിയമത്തില്‍ ഇളവുവരുത്താന്‍ സ്ഥാപനം സര്‍ക്കാരിന് അപേക്ഷനല്‍കണം. അന്വേഷണം നടത്തിയശേഷം സര്‍ക്കാര്‍ ആവശ്യമായ ഉത്തരവുനല്‍കും. അതേസമയം, തദ്ദേശീയരായ അപേക്ഷകര്‍ മാനേജ്മെന്റ് തസ്തികകളില്‍ 25-ലും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 50 ശതമാനത്തിലും കുറയാന്‍പാടില്ലെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു.

 

Latest News