Tuesday, November 26, 2024

തൊഴില്‍ക്കെണി: കുവൈറ്റില്‍ നൂറിലധികം മലയാളി സ്ത്രീകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി പോലീസ്

ഗള്‍ഫ് രാജ്യങ്ങളിലെ അറബ് കുടുംബങ്ങളുടെ വീടുകളില്‍ നൂറിലധികം സ്ത്രീകള്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് (എസ്എസ്ബി) കണ്ടെത്തി. കുവൈറ്റ് കുടുംബങ്ങള്‍ക്ക് വിറ്റ ശേഷം രക്ഷപ്പെടുത്തിയ മൂന്ന് മലയാളി സ്ത്രീകളെ കടത്തിക്കൊണ്ടു പോയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

2021 ഡിസംബറിനും 2022 ഫെബ്രുവരിക്കുമിടയില്‍ കുവൈറ്റിലെ ബേബി സിറ്റര്‍, ഹോസ്പിറ്റല്‍ സ്റ്റാഫ് എന്നീ ജോലികള്‍ക്ക് അപേക്ഷ ക്ഷണിച്ച് കേരളത്തിലുടനീളം പോസ്റ്ററുകള്‍ ഒട്ടിച്ച ശേഷമാണ് റാക്കറ്റ് സ്ത്രീകളെ റിക്രൂട്ട് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി.

വ്യാജ വാഗ്ദാനങ്ങള്‍ക്ക് ഇരയായ സ്ത്രീകളെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, കുവൈറ്റിലെ റാക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ രണ്ട് സ്ത്രീകളെ കൂടി (ഒരാള്‍ കൊല്ലത്തുനിന്നും മറ്റൊരാള്‍ എറണാകുളത്തുനിന്നും) പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞു. കുവൈറ്റില്‍ എത്തിയപ്പോഴാണ് മനുഷ്യക്കടത്ത് റാക്കറ്റ് തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തതെന്ന് രണ്ട് സ്ത്രീകളും പറഞ്ഞു. ‘അവിടെ എത്തിയതിന് ശേഷമാണ് അറബ് കുടുംബങ്ങളുടെ വീട്ടുവേലക്കാരികളായി അവര്‍ ഞങ്ങളെ കൊണ്ടുപോയതെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്’. സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു.

‘ഞങ്ങള്‍ എതിര്‍ത്തപ്പോള്‍, കള്ളക്കേസുകള്‍ ചുമത്തി ഞങ്ങളെ ജയിലില്‍ അടയ്ക്കുമെന്ന് റാക്കറ്റുകള്‍ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ ഭയപ്പെട്ടു. അജ്ഞാതമായ സ്ഥലത്ത് എന്തുചെയ്യണമെന്ന് അറിയില്ല. സമാനമായ രീതിയില്‍ കുവൈറ്റിലേക്ക് കൊണ്ടുവന്ന നിരവധി സ്ത്രീകളെ ഞങ്ങള്‍ കണ്ടു’. സ്ത്രീകള്‍ പറഞ്ഞു.

അവരുടെ വീട്ടില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോള്‍ താന്‍ ജോലി ചെയ്തിരുന്ന അറബ് കുടുംബം തന്നെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ സമ്മതിച്ചതായി ഒരു സ്ത്രീ പറഞ്ഞു. ‘എന്നാല്‍ റാക്കറ്റിലുള്ളവര്‍ എന്നെ അടുത്ത സ്ഥലത്തേയ്ക്ക് ജോലിക്ക് അയയ്ക്കാന്‍ തുടങ്ങി. എന്റെ ഭര്‍ത്താവ് ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഒരു മലയാളി സംഘടന ഇടപെട്ടപ്പോള്‍ മാത്രമാണ് അവര്‍ എന്നെ വീട്ടിലേക്ക് തിരിച്ചയച്ചത്. അവിടെ ജീവിതം നരകമായിരുന്നു. എന്നെപ്പോലുള്ള പലരും ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്’. അവര്‍ പറഞ്ഞു.

 

 

Latest News