ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു ബൈഡന്‍.
ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ അമേരിക്കന്‍ വ്യോമ സേനയിലെ സജീവ പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി മരിച്ച് മണിക്കൂറുകള്‍ക്കമാണ് ബൈഡന്റെ പ്രതികരണം വന്നത്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ബൈഡനെ സംബന്ധിച്ച് ഇസ്രേയല്‍-ഹമാസ് യുദ്ധം നീളുന്നതും രാഷ്ട്രീയപരമായ സംഘര്‍ഷങ്ങള്‍ക്കു കാരണമാകും.
ബന്ദികളെ മോചിപ്പിക്കുന്നതിന് വേണ്ടി ആഴ്ചകളോളം യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇസ്രായേലിന്റെ യുദ്ധ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതിലൂടെ ഗാസയിലേക്ക് സഹായവുമായെത്തുന്ന നൂറുകണക്കിന് ട്രക്കുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കും. പട്ടിണിയും പോഷാകാഹാരക്കുറവ് മൂലമുള്ള മരണവും വര്‍ധിക്കുന്നതിനിടയിലും ഇസ്രായേലിന്റെ തുടരെയുള്ള വെടിവെപ്പ് കാരണം ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ഏജന്‍സി വടക്കന്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
നിലവില്‍ ഒക്ടോബര്‍ ഏഴിന് തുടങ്ങിയ യുദ്ധത്തില്‍ ഗാസയില്‍ നിന്നും 29,782 പേരാണ് കൊല്ലപ്പെട്ടത്. 70,043 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിലവിലെ പ്രശ്‌നങ്ങളില്‍ പുതിയ ഭേദഗതികള്‍ അവതിരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ വെടിനിര്‍ത്തലിന്റെയും ഗാസ മുനമ്പില്‍ നിന്നു പിന്‍വാങ്ങുന്നതിന്റെയും കാര്യത്തില്‍ ഇസ്രായേല്‍ കൃത്യമായ നിലപാടുകള്‍ അവതരിപ്പിച്ചില്ലെന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.