Sunday, November 24, 2024

‘മരണം വില്‍ക്കുന്ന’ താരങ്ങള്‍ക്കെതിരെ തുറന്നടിച്ച് നടന്‍ ജോണ്‍ എബ്രഹാം

പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ തുറന്നടിച്ച് നടന്‍ ജോണ്‍ എബ്രഹാം. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അടക്കം പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നത് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാകുന്ന കാലത്താണ് ബോളിവുഡിലെ പ്രമുഖ നടന്‍ തന്നെ അതിനെതിരെ രംഗത്ത് എത്തിയത്.

അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പോലും പാന്‍ മസാല, ഗുട്ക ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അക്ഷയ് കുമാര്‍ പാന്‍ മസാല പരസ്യത്തില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഒരു വശത്ത് ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് പാന്‍ മസാലയെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന അഭിനേതാക്കളോട് തനിക്ക് മമതയില്ലെന്ന് രണ്‍വീര്‍ അലാബാദിയയുടെ പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ട ജോണ്‍ എബ്രഹാം തുറന്നു പറഞ്ഞു.

താന്‍ ഒരിക്കലും ‘മരണം വില്‍ക്കാന്‍’ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആരാധകര്‍ക്ക് ഒരു ‘റോള്‍ മോഡല്‍’ ആകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താന്‍ പ്രസംഗിക്കുന്നത് ശീലമാക്കിയില്ലെങ്കില്‍ അവര്‍ തന്നില്‍ ആത്മാര്‍ത്ഥതയില്ലാത്തായാളായി കാണുമെന്നും ജോണ്‍ പറഞ്ഞു.

”ഞാന്‍ എന്റെ ജീവിതം സത്യസന്ധതയോടെ ജീവിക്കുകയും ഞാന്‍ പ്രസംഗിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുവെങ്കില്‍, ഞാന്‍ ഒരു മാതൃകയാണ്. എന്നാല്‍ ഞാന്‍ എന്റെ ഒരു വ്യാജ പതിപ്പ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും അതിന്റെ പുറകില്‍ മറ്റൊരു വ്യക്തിയെപ്പോലെ പെരുമാറുകയും ചെയ്താല്‍, അവര്‍ അത് കണ്ടെത്തും” ജോണ്‍ എബ്രഹാം പറഞ്ഞു.

‘ചിലര്‍ ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കുന്നു. അതേ ആളുകള്‍ പാന്‍ മസാലയെ പ്രോത്സാഹിപ്പിക്കുന്നു. ചലച്ചിത്ര രംഗത്തെ നടന്മാരാരെ എല്ലാം ഞാന്‍ സ്‌നേഹിക്കുന്നു, അവരില്‍ ആരെയും ഞാന്‍ അനാദരിക്കുന്നില്ല. ഞാന്‍ എന്നെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞാന്‍ മരണം വില്‍ക്കില്ല, കാരണം അത് എന്റെ ആദര്‍ശത്തിന്റെ കാര്യമാണ്. പാന്‍മസാല വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവ് 45,000 കോടി രൂപയാണെന്ന് നിങ്ങള്‍ക്കറിയാമോ? അതിനര്‍ത്ഥം സര്‍ക്കാര്‍ പോലും ഇതിനെ പിന്തുണയ്ക്കുന്നു, അതുകൊണ്ടാണ് ഇത് നിയമവിരുദ്ധമല്ലാതാകുന്നത്’ ജോണ്‍ എബ്രഹാം പറഞ്ഞു.

ഈ കമ്പനികളെ പിന്തുണയ്ക്കാതിരിക്കാനുള്ള ‘ചോയിസ്’ എനിക്കുണ്ടായിരുന്നു. മറ്റുള്ളവര്‍ പറയുന്ന ഒഴികഴിവുകള്‍ താന്‍ അംഗീകരിച്ചില്ല. ”നിങ്ങള്‍ മരണം വില്‍ക്കുകയാണ്. നിനക്ക് എങ്ങനെ അത് കൊണ്ട് ജീവിക്കാന്‍ പറ്റും?’ എന്ന് ജോണ്‍ ചോദിച്ചു. തന്റെ സിനിമ രംഗത്തെ സഹപ്രവര്‍ത്തകരെ ഇകഴ്ത്താന്‍ താന്‍ ശ്രമിക്കുന്നില്ലെന്നും സ്വന്തം വിശ്വാസങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ജോണ്‍ വ്യക്തമാക്കി.

 

Latest News