2023 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം വ്യാഴാഴ്ച പ്രഖ്യാപിച്ചു. 64 കാരനായ നോർവീജിയൻ നോവലിസ്റ്റും നാടകകൃത്തുമായ ജോൺ ഫോസിന് ആണ് ഈ ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം. കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് പരിവർത്തനം ചെയ്ത ജോൺ തന്റെ രചനകളിലൂടെ ആഴമായ ക്രിസ്തീയ വിശ്വാസം പ്രതിഫലിപ്പിക്കുവാൻ ശ്രമിച്ചിരുന്നു.
ഒക്ടോബർ 5 ന് നടന്ന ചടങ്ങിൽ, സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി മാറ്റ്സ് മാം ജോൺ ഫോസിന്റെ അവാച്യമായവയ്ക്കു ശബ്ദം നൽകുന്ന നാടകത്തിന്റെയും ഗദ്യത്തിന്റെയും നൂതന സൃഷ്ടികൾക്ക് പുരസ്കാരം നൽകുന്നതായി അറിയിച്ചു. അതുപോലെ, അവാർഡ് “നോർവീജിയൻ ഭാഷയിലെ നൈനോർസ്ക് രൂപത്തിൽ എഴുതിയതും നാടകങ്ങൾ, നോവലുകൾ, കവിതാ സമാഹാരങ്ങൾ, ഉപന്യാസങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, വിവർത്തനങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതുമായ അദ്ദേഹത്തിന്റെ മഹത്തായ കൃതികൾ” അംഗീകരിക്കുന്നതായും നോബൽ പുരസ്കാര പ്രഖ്യാപന വേദിയിൽ അദ്ദേഹം വെളിപ്പെടുത്തി.
ഫോസ് 40-ഓളം കൃതികൾ എഴുതിയിട്ടുണ്ട്. അവ 50-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ബോട്ട്ഹൗസ്, മെലാഞ്ചലി, സെപ്റ്റോളജി എന്നിവയാണ് ഫോസിന്റെ കൃതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്.