തന്റെ രാജ്യത്തിന് കൂടുതൽ പാലസ്തീനികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ജോർദാനിലെ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി. ജോർദാനിലെ ജനസംഖ്യയുടെ 35% ഇതിനകം അഭയാർഥികളാണെന്ന കാരണത്താലാണ് ഇപ്രകാരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലസ്തീനികൾ ജോർദാനിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്നും സഫാദി ഊന്നിപ്പറഞ്ഞു. ഗാസയിൽനിന്ന് ജോർദാനിലേക്കും ഈജിപ്തിലേക്കും പാലസ്തീനികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചതിനു പിന്നാലെയാണ് ഇത് വ്യാപകമായ തിരസ്‌കരണത്തിനു വിധേയമായത്.
അതിനിടെ, വാഷിംഗ്ടണിൽ യു എസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജോർദാൻ രാജാവ് അബ്ദുള്ള, ട്രംപിന്റെ പദ്ധതിയോടുള്ള തന്റെ രാജ്യത്തിന്റെ എതിർപ്പ് ആവർത്തിച്ചു. അറബ് പദ്ധതി കൂടുതൽ പ്രായോഗികവും ചെലവ് കുറഞ്ഞതുമായ പരിഹാരമാകുമെന്നും രാജാവ് നിർദേശിച്ചു.