2025 ലെ ജി ഐ എ സ് ടി ആക്ട അവാർഡുകളിൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലത്തിനുള്ള ഏറ്റവും മികച്ച സ്ഥലമായി ഈശോയുടെ ‘ബാപ്റ്റിസം സൈറ്റ്’ തിരഞ്ഞെടുക്കപ്പെട്ടതായി ജോർദാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജോർദാൻ ടൂറിസം ബോർഡിന്റെ (ജെ ടി ബി) പ്രസ്താവനപ്രകാരം, ചരിത്രം സംരക്ഷിക്കുന്നതിലും സന്ദർശകർ എത്തുന്നതിനും സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും മികവ് പുലർത്തുന്ന പൈതൃക സ്ഥലങ്ങളെ ആദരിക്കുന്നതാണ് അഭിമാനകരമായ ഈ അംഗീകാരം. ഫെബ്രുവരി അവസാനം ഇറ്റലിയിലെ ഫ്ലോറൻസിൽ നടന്ന ഒരു ചടങ്ങിൽ, പുരാവസ്തു, സാംസ്കാരിക ടൂറിസത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര പ്രദർശനത്തിന്റെ ഭാഗമായി ഈ അവാർഡ് സമ്മാനിച്ചു.
ജോർദാന്റെ ടൂറിസം-പുരാവസ്തു മന്ത്രി ലിന അന്നബ് രാജ്യത്തിനു ലഭിച്ച ഈ അംഗീകാരത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ചരിത്രപരവും ആത്മീയവുമായ മൂല്യമുള്ള ഒരു സ്ഥലമായാണ് ബാപ്റ്റിസം സൈറ്റിനെ അവർ വിശേഷിപ്പിച്ചത്. ആഗോളതലത്തിൽ സമാധാനം, സഹവർത്തിത്വം, സാംസ്കാരിക വൈവിധ്യം എന്നിവ വളർത്തുന്നതിലുള്ള പങ്ക് ഇത് എടുത്തുകാണിക്കുന്നു. “ഈ അവാർഡ് ജോർദാന്റെ മതപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കാനും പങ്കിടാനുമുള്ള ദൗത്യത്തെ ശക്തിപ്പെടുത്തുന്നു. തീർഥാടകർക്കും സാംസ്കാരിക വിനോദസഞ്ചാരികൾക്കും രാജ്യം സന്ദർശിക്കാനും വിശുദ്ധനാട്ടിലെ ഈ പുണ്യഭാഗവുമായി ബന്ധപ്പെടാനുമുള്ള ഒരു തുറന്ന ക്ഷണമാണിത്” – അന്നബ് പറഞ്ഞു.
ജോർദാൻ നദിയുടെ കിഴക്കൻ തീരത്ത്, ബൈബിൾ ബെഥാനി-ബിയോണ്ട്-ദി-റിവറിൽ സ്ഥിതിചെയ്യുന്ന ബാപ്റ്റിസം സൈറ്റ്, സ്നാപകയോഹന്നാൻ യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തിയ സ്ഥലമായി പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമാണിത്.