കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതികരണം. പാലാ നഗരസഭാ യോഗത്തിലാണ് ബിനു, കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനെതിരെ വിമര്‍ശനം നടത്തിയത്. ജോസ് കെ. മാണിയുടേത് അസഹിഷ്ണുതയുടെ ശൈലിയാണെന്നും അദേഹം കുറ്റപ്പെടുത്തി.
“ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചതിയുടെ ദിനമാണിന്ന്. അണികളെ ബോധ്യപ്പെടുത്താനെങ്കിലും ചതിക്ക് കൂട്ട് നില്‍ക്കരുതായിരുന്നു” – ബിനു പറഞ്ഞു. “ജോസ് കെ. മാണി പതിനായിരക്കണക്കിന് വോട്ടിനാണ് കഴിഞ്ഞ നയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. അതിനാല്‍ പാലായില്‍ ഇനി അദേഹം മത്സരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചാല്‍ എന്തു ചെയ്യും?” ബിനു ചോദിച്ചു. പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിനുവിനെ ഒഴിവാക്കാന്‍ ജോസ് കെ. മാണി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നായിരുന്നു ബിനുവിന്റെ വിമര്‍ശനം. ബിനു ഒഴികെ മറ്റാരേയും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് (എം) ന്റെ നിലപാട്.
അതേസമയം, നഗരസഭാ ചെയര്‍പേഴ്സണായി ജോസിന്‍ ബിനോയിയെ 17 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡ് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് ജോസിന്‍.