ലബനനില്‍ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുകയും ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോയിട്ടേഴ്സ് വിഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ലയാണ് കൊല്ലപ്പെട്ടത്. അതേസമയം, ഗാസയില്‍ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ‘പ്രാദേശിക’ റെയ്ഡുകള്‍ ആരംഭിച്ചിരിക്കുകയാണ്.
വീഡിയോഗ്രാഫര്‍ ഇസ്സാം അബ്ദുല്ല കൊല്ലപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. തത്സമയ സിഗ്നല്‍ നല്കുന്ന തെക്കന്‍ ലെബനനിലെ റോയിട്ടേഴ്സ് ക്രൂവിന്റെ ഭാഗമായിരുന്നു അബ്ദുള്ള. അതിര്‍ത്തി പ്രദേശത്ത് നടന്ന ഷെല്ലാക്രമണത്തില്‍ തങ്ങളുടെ രണ്ട് മാധ്യമപ്രവര്‍ത്തകരായ തേര് അല്‍-സുഡാനി, മഹര്‍ നസെ എന്നിവര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഒരു അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറാണ്, റോയിട്ടേഴ്സ് വീഡിയോഗ്രാഫറുടെ മൃതദേഹവും പരിക്കേറ്റ ആറു പേരെയും കണ്ടത്. പിന്നാലെ അവരില്‍ ചിലരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. അൽ ജസീറ റിപ്പോർട്ടർ കാർമൻ ജൗഖദർ, കാമറമാൻ ഏലി ബ്രഖ്യ എന്നിവര്‍ പരിക്കേറ്റവരില്‍ പെടുന്നു.
അതേസമയം, ഗാസയില്‍ സമ്പൂര്‍ണ്ണ ആധിപത്യത്തിനുള്ള നീക്കം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ.ഡി.എഫ്) ശക്തമാക്കി. ഇതിന്റെ ഭാഗമായി സൈന്യം ഗാസയില്‍ ‘പ്രാദേശിക’ റെയ്ഡുകള്‍ ആരംഭിച്ചിരിക്കുകയാണ്. തങ്ങളുടെ രാജ്യം തിരിച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്.