Monday, January 20, 2025

‘ജേർണി ടു ബെത്ലഹേം’: അതിമനോഹരമായ ക്രിസ്തുമസ് സിനിമ

2023 ൽ ഇറങ്ങിയ അതിമനോഹരമായ ഒരു സിനിമയാണ് ജേർണി ടു ബെത്ലഹേം (Journey to Bethlehem). ഒരു ക്രിസ്ത്യൻ കുടുംബ-സാഹസിക-സംഗീത സിനിമയായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ക്രിസ്തുമസ് കാലയളവിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത് എന്നതിൽ സംശയമില്ല.

ക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ചു നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിലധിഷ്ഠിതമായും എന്നാൽ, ആവിഷ്ക്കാരത്തിൽ കുറച്ചു സ്വാതന്ത്ര്യമെടുത്തുമാണ് ഈ സിനിമ പുറത്തിറങ്ങിയിരിക്കുന്നത്. എങ്കിലും, ബൈബിളിലധിഷ്ഠിതമായ, അതിമനോഹരമായ ഒരു ചലച്ചിത്രകാവ്യമാണ് ‘ജേർണി ടു ബെത്ലഹേം’ എന്ന് ഈ സിനിമ കാണുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്.

ആദം ആൻഡ്രയാസ് ആണ് സിനിമയുടെ സംവിധായകൻ. മിലോ മൻഹെയിം യൗസേപ്പിതാവായും, ഫിയോന പലോമോ കന്യകാമറിയമായും, അന്തോണിയോ ബന്തേറാസ് ഹേറോദേസായും ഇതിൽ വേഷമിടുന്നു. അഫേം ഫിലിംസ് നിർമിച്ചിരിക്കുന്ന ഈ സിനിമയുടെ വിതരണം സോണി പിക്ചേഴ്സ് ആണ്. ഒരു മണിക്കൂർ 38 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

അതീവഭംഗിയുള്ള പശ്ചാത്തലമാണ് സിനിമ മുഴുവൻ. യൂദയായും ബെത്ലഹേമും അതിമനോഹരമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. മറിയവും ജോസഫും ആദ്യമായി കാണുന്നതും ഏലീശ്വായെ കാണാനുള്ള മറിയത്തിന്റെ യാത്രയും മൂന്ന്  ജ്ഞാനികളുടെ യാത്രാവഴികളും ഏറെ സുന്ദരമാണ്. കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കാൻ പ്രേക്ഷകരെയും പ്രേരിപ്പിക്കുന്ന ഒരു സിനിമയാണിത്.

12 ഗാനങ്ങളാണ് ഇതിലുള്ളത്. വീണ്ടും വീണ്ടും കാണാനും കേൾക്കാനും പ്രേരിപ്പിക്കുന്ന തരത്തിലുള്ളവയാണ് അവയെല്ലാം. ആലാപനവും സംഗീതവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. മറിയവും കൂട്ടുകാരും തമ്മിലുള്ള സംഭാഷണവും മറിയവും ജോസഫും തമ്മിലുള്ള സംഭാഷണവുമൊക്കെ ഗാനരൂപത്തിലാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. മ്യൂസിക്കൽ സിനിമ എന്ന പേരിനോട് പരിപൂർണ്ണ വിശ്വസ്തത പുലർത്തുന്ന തരത്തിലുള്ള മ്യൂസിക്കൽ പെർഫോമെൻസാണ് ഇതിൽ നമുക്ക് കാണാൻ സാധിക്കുക.

ഈ സിനിമയിലെ എല്ലാ നടീനടന്മാരും ഗംഭീര അഭിനയമാണ് ഇതിൽ കാഴ്ചവച്ചിരിക്കുന്നത്. ഹേറോദേസായി വേഷമിടുന്ന അന്തോണിയോ ബന്തേറാസിന്റെ അഭിനയത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഓസ്കാർ നോമിനേഷൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയിട്ടുള്ള ബന്തേറാസിന്റെ, മനോഹരവും വേറിട്ടതുമായ ഒരു പ്രകടനമാണ് ഈ സിനിമയിൽ. മറ്റെല്ലാ അഭിനേതാക്കളും അഭിനന്ദനത്തിന് അർഹർ തന്നെ.

നിരവധി കോമിക്ക് എലമെൻറ്റുകളും ഈ സിനിമയിൽ ചേർത്തിട്ടുണ്ട്. മൂന്ന്  രാജാക്കന്മാരെ അവതരിപ്പിക്കുന്നത് അൽപം ഹാസ്യാത്മകമായിട്ടാണ്. നമ്മുടെ സങ്കൽപത്തിലുള്ള ജ്ഞാനികളായ മൂന്ന് രാജാക്കന്മാരെയല്ല നമ്മൾ ഇതിൽ കാണുന്നത്. കോമഡി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജ്ഞാനികളായ മൂന്ന് രാജാക്കന്മാരെയാണ് സിനിമ അവതരിപ്പിക്കുന്നത്.

ബൈബിളിലെ ക്രിസ്തുവിന്റെ ജനനവിവരണങ്ങളിൽനിന്നും അൽപം വ്യത്യാസം സിനിമയിൽ വരുന്നത് ചിലർക്കെങ്കിലും അസ്വസ്ഥത സൃഷ്ടിച്ചേക്കാം. എങ്കിലും വിശ്വാസത്തിനു വിരുദ്ധമായി യാതൊന്നും ഈ സിനിമയിലില്ല. ക്രിസ്തുമസ് കാലഘട്ടത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട അതിമനോഹരമായ ഒരു സിനിമയാണിത്.

എൽജിക്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News